ന്യൂഡൽഹി: ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്പെയ്ഡെക്സ് ദൗത്യത്തിന്റെ പുത്തൻ അപ്ഡേറ്റ് പങ്കുവച്ച് ഇസ്രോ. ചേസർ, ടാർഗെറ്റ് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം വീണ്ടും കുറച്ചതായി ഐഎസ്ആർഒ എക്സിലൂടെ അറിയിച്ചു.
ഉപഗ്രഹങ്ങൾ നിലവിൽ 1.5 കിലോമീറ്റർ അകലത്തിൽ ഹോൾഡ‍് മോഡിലാണ്. അതായത്, ഉപഗ്രഹങ്ങൾ നിശ്ചിത സ്ഥാനത്താണെന്ന് സാരം. നാളെ രാവിലെയോടെ ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 500 മീറ്ററാക്കി കൊണ്ടുവരുകയാണ് ലക്ഷ്യം.
രണ്ട് തവണ ഡോക്കിംഗ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റി വയ്‌ക്കുകയായിരുന്നു. 500 മീറ്ററിൽ നിന്ന് ഉപഗ്രഹങ്ങളെ 235 മീറ്ററിലേക്ക് അടുപ്പിക്കുന്നതിനിടെ ത്രസ്റ്ററുകളുടെ വേഗം കൂടിയിരുന്നു. ഇതോടെ ഉപഗ്രഹങ്ങൾ ദൃശ്യപരിധിയിൽ നിന്ന് പുറത്തായി.
പിന്നീട് ഉപഗ്രഹങ്ങളെ ഏഴ് കിലോമീറ്റർ അകലത്തിൽ വീണ്ടുമെത്തിച്ചു. പിന്നാലെ അകലം കുറച്ചു കൊണ്ടുവരികയാണ്. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് അകലം 1.5 കിലോമീറ്ററാക്കിയത്. 500 മീറ്റർ അകലെ എത്തിക്കുകയാണ് അടുത്ത ലക്ഷ്യം. ഘട്ടംഘട്ടമായി അകലം കുറച്ച് കൊണ്ടുവന്ന് കൂട്ടിയോജിപ്പിക്കുന്നതാണ് പരീക്ഷണം. ഡോക്കിംഗ് എപ്പോൾ നടത്തുമെന്നത് സംബന്ധിച്ച വിവരങ്ങൾ ഇസ്രോ പുറത്തുവിട്ടിട്ടില്ല.
ഡിസംബർ 30-നാണ് ഐഎസ്ആർഒ PSLV-C60 റോക്കറ്റ് വിക്ഷേപിച്ചത്. ഭ്രമണപഥത്തിൽ വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുകയാണ് ലക്ഷ്യം. പിന്നാലെ ഇവയെ വേർപ്പെടുത്തുമെന്നാണ് വിവരം. ഭാവിയിലെ ദൗത്യങ്ങൾക്ക് കരുത്ത് പകരുന്ന ദൗത്യമാണിത്. ഡോക്കിംഗ് വിജയകരമായാൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരത് മാറും. ആ കാത്തിരിപ്പിലും ആകാംക്ഷയിലുമാണ് ശാസ്ത്രലോകം.
Leave a Comment