ദുബായ്: മഴയത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 50,000 ദിർഹം പിഴയിട്ട് ദുബായ് പൊലീസ്. വാഹനവും പിടിച്ചെടുത്തു. അൽ മർമൂം മേഖലയിൽ മഴയത്ത് കാറിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് നടപടി.
ഡ്രൈവറെ വിളിച്ചുവരുത്തിയാണ് പൊലീസ് നടപടിയെടുത്തത്. പ്രതികൂല കാലാവസ്ഥകളിൽ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ അനുസരിക്കണമെന്നും ആവർത്തിച്ച് പൊതുജനങ്ങളോട് നിർദ്ദേശിക്കുന്നതിനിടെയാണ് ഇത്തരം അഭ്യാസ പ്രകടനങ്ങളെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.
വാഹനത്തിൽ ഡ്രൈവർ അഭ്യാസ പ്രകടനം നടത്തുന്നത് ദുബായ് പൊലീസിന്റെ പട്രോൾ ടീമിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. സ്റ്റണ്ട് ഡ്രൈവിങ്ങും ഡ്രിഫ്റ്റിങ്ങും ഉൾപ്പെടെയാണ് നടത്തിയതെന്നും സ്ഥലത്തെ പൊതുസുരക്ഷയ്‌ക്ക് ശല്യമുണ്ടാക്കുന്ന വിധത്തിലായിരുന്നു ഡ്രൈവറുടെ പ്രവർത്തിയെന്നും പൊലീസ് വിലയിരുത്തി.
വണ്ടി വിട്ടുകിട്ടണമെങ്കിൽ പിഴ അടയ്‌ക്കണം. വാഹനത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സഹിതം എക്‌സിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Leave a Comment