ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിനിടെ പരിക്കേറ്റ ജസപ്രീത് ബുമ്ര ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ കളിച്ചേക്കില്ല. താരത്തോടെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശം. ടൂർണമെന്റിനുള്ള ടീം പ്രഖ്യാപനം 15-ലേക്ക് നീട്ടിയുണ്ട്. താരത്തിന്റെ പേര് സ്ക്വാഡിൽ ഉൾപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നടുവിന് പൊട്ടലാെന്നുമില്ലെങ്കിലും ബുമ്രയെ നീർവീക്കം അലട്ടുന്നുണ്ട്. മൂന്നാഴ്ച ബുമ്ര എൻസിഎയിൽ കഴിയേണ്ടിവരും. താരത്തിന്റെ പരിക്കിൽ നിന്നുള്ള മുക്തി മെഡിക്കൽ ടീം നിരീക്ഷിക്കും. ഇതിന് ശേഷം കായിക ക്ഷമത പരിശോധിക്കാൻ താരം പരിശീലന മത്സരങ്ങൾ കളിക്കേണ്ടിവരും. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ 32 വിക്കറ്റുമായി ടൂർണമെന്റിന്റെ താരമായത് ബുമ്രയായിരുന്നു. നേരത്തെയും നടുവിനേറ്റ പരിക്കിനെ തുടർന്ന് 11 മാസം കളത്തിന് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷമായിരുന്നു ഇത്. ഫെബ്രുവരി 20-ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 23ന് പാകിസ്താനുമായി ഏറ്റുമുട്ടും.















