തിരുവനന്തപുരം: മെസി വരുമോ..? ഇല്ലയോ? എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച് നടക്കുന്നത്. ആരാധകർ ലഭിക്കുന്ന എല്ലാ വിവരവും വച്ച് ചർച്ചകൾ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്. മന്ത്രിയുടെ പ്രഖ്യാപനത്തിൽ ഏവരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതിഹാസ ഫുട്‌ബോളര്‍ ഒക്ടോബര്‍ 25ന് കേരത്തിലെത്തുമെന്നാണ് മന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്നും അബ്ദുറഹ്‌മാൻ പറഞ്ഞിരുന്നു. എന്നാൽ ആരാധകർ ഇത് തള്ളുകയാണ്.
മന്ത്രിയുടെ പ്രഖ്യാപനം പൊള്ളയാണെന്നാണ് അവരുടെ വാദം. കാരണം ഒക്ടോബർ അവസാന വാരം അന്താരാഷ്‌ട്ര മത്സരങ്ങൾക്കുള്ള വിൻഡോ അല്ലെന്നാണ് ആരാധകരുടെ കണ്ടെത്തൽ. 2030 വരെ അന്താരാഷ്‌ട്ര മത്സരങ്ങൾക്കുള്ള കലണ്ടർ ഫിഫ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഡേറ്റുകളിലാകും ക്ലബുകൾ താരങ്ങളെ അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് വിട്ടുനൽകുക.
ഒക്ടോബർ 6 മുതൽ 14 വരെയും നവംബർ 10 മുതൽ 18 വരെയുമാണ് അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് താരങ്ങളെ ക്ലബുകൾ വിട്ടുനൽകുക. മെസിയുടെ ക്ലബായ ഇൻ്റർ മയാമിക്ക് ഓക്ടോബർ 18 വരെ മത്സരങ്ങളുണ്ട്. സെപ്റ്റംബറിൽ 13.16,20,24,27 തീയതികളിലും ഓക്ടോബർ നാലിനും 18നും മയാമിക്ക് മത്സരങ്ങളുണ്ട്. സെപ്റ്റംബർ 14 വരെയുള്ള അർജന്‍റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.
അതേസമയം ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ മന്ത്രിയുടെ പ്രതികരണം മാദ്ധ്യമങ്ങൾ തേടിയെങ്കിലും മന്ത്രി മുഖം തിരിച്ച് നടക്കുകയായിരുന്നു. രണ്ട് സൗഹൃദ മത്സരം അര്‍ജന്‍റീന ടീം കേരളത്തില്‍ കളിക്കുമെന്നും ആരാധകരുമായി മെസി സംവദിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. സ്ഥിരീകരിക്കാന്‍ അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.