തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ കുട്ടികൾ വീണു. നാല് പെൺകുട്ടികളാണ് വീണത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം.
പള്ളിപ്പെരുന്നാൾ ആഘോഷത്തിനായി സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു വിദ്യാർത്ഥികൾ. ആഘോഷത്തിന് ശേഷം പീച്ചി ഡാം കാണാൻ പോയപ്പോഴാണ് അപകടം. പാറക്കെട്ടിൽ നിന്നിരുന്ന കുട്ടികൾ കാൽവഴുതി റിസർവോയറിലേക്ക് വീഴുകയായിരുന്നു. ഡാം കണ്ടുനിൽക്കെ രണ്ട് കുട്ടികളാണ് ആദ്യം കാൽതെന്നി വീണത്. ഇതിന് പിന്നാലെ മറ്റ് രണ്ടുപേരും രക്ഷിക്കാൻ ഇറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം.
വിദ്യാർത്ഥികൾ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടികൾ. ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും വിവരമുണ്ട്. അപകടത്തിൽപ്പെട്ട നാല് പേരും തൃശൂർ സ്വദേശികളാണ്.
നിമ, അലീന, ആൻ ഗ്രീസ്, എറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ നിമ ഒഴികെയുള്ള മൂന്ന് പേരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നാല് പേരും വെന്റിലേറ്ററിലാണ്. ആശുപത്രിയിലെത്തുന്ന സമയത്ത് കുട്ടികളുടെ പൾസ് നോർമൽ ആയിരുന്നില്ല. എന്നാലിപ്പോൾ പൾസ് സാധാരണനിലയിലായിട്ടുണ്ട്. ഇത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും ആശുപത്രി അധികൃതർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ജൂബിലി മിഷൻ ആശുപത്രിയിൽ റവന്യൂ മന്ത്രി കെ. രാജൻ അടക്കമുള്ളവർ എത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.