ആരോഗ്യമേഖലയിൽ പുത്തൻ നാഴികക്കല്ല് പിന്നിട്ട് ഭാരതം. തദ്ദേശീയമായി വികസിപ്പിച്ച
ശസ്ത്രക്രിയ റോബോട്ടിക് സംവിധാനമായ SSI മന്ത്ര രണ്ട് റോബോട്ടിക് കാർഡിയാക് സർജറികൾ വിജയകരമായി നടത്തി. 286 കിലോമീറ്റർ ദൂരത്തിൽ ടെലിസർജറിയിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. റോബോട്ടും വയർലെസ് സാങ്കേതികവിദ്യയും ഉപയോഗിച്ച് രോഗിയും ഡോക്ടറും പരസ്പരം കാണാതെ നടത്തുന്ന ശസ്ത്രക്രിയ രീതിക്കാണ് ടെലി സർജറി അഥവാ റിമോട്ട് സർജറിയെന്ന് പറയുന്നത്.
ജയ്പൂരിലെ മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് ഗുരുഗ്രാമിലുള്ള ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. സുധീർ ശ്രീവാസ്തവയാണ് SSI മന്ത്ര ഉപയോഗിച്ച് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. സങ്കീർണമായ ഇന്റേണൽ മാമറി ആർട്ടറി ഹാർവെസ്റ്റിംഗ് പ്രക്രിയയാണ് (Internal Mammary Artery Harvesting procedure) ടെലിസർജറി വഴി നടത്തിയത്. ഒരു മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കാൻ സാധിച്ചു. ശസ്ത്രക്രിയ രംഗത്തെ മാറ്റത്തിനാണ് പുതിയ പരീക്ഷണം വഴി തെളിച്ചിരിക്കുന്നത്.
സമാനതകളില്ലാതെ കൃത്യതയോടെ ഉയർന്ന നിലവാരം പുലർത്തുന്ന വൈദ്യ സഹായം ലഭ്യമാക്കാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് ടെലിസർജറി. ലോകോത്തര ശസ്ത്രക്രിയാ വൈദഗ്ധ്യം സാധാരണക്കാരനും ലഭ്യമാക്കാൻ SSI മന്ത്രയ്ക്ക് സാധിക്കുന്നു.