തൃശ്ശൂർ; പീച്ചി ഡാം റിസർവോയറിൽ വീണ് അപകടത്തിൽപെട്ട നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന ഷാജൻ (16) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അലീന തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
ഇന്നലെയാണ് ദാരുണമായ സംഭവം ഉണ്ടായത്. പള്ളിപ്പെരുന്നാൾ ആഘോഷത്തിന് കൂട്ടുകാരിയുടെ വീട്ടിലെത്തിയ പെൺകുട്ടികൾ റിസർവോയർ കാണാൻ പോയതായിരുന്നു. ചെരിഞ്ഞുനിന്ന പാറയിൽ കാൽവഴുതി രണ്ട് പേർ വീണതോടെ ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റ് രണ്ടുപേരും കയത്തിൽപെടുകയായിരുന്നു.
മുരിങ്ങത്ത് പറമ്പിൽ ബിനോജിന്റെയും ജൂലിയുടെയും മകൾ എറിൻ (16), പട്ടിക്കാട് ചാണോത്ത് പാറശേരി വീട്ടിൽ സജി- സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16), പീച്ചി പുളിയമ്മാക്കൽ ജോണി – ഷാലു ദമ്പതികളുടെ മകൾ നിമ (12) എന്നിവരാണ് അലീനയ്‌ക്കൊപ്പം അപകടത്തിൽപെട്ടത്. നിമയുടെ ചേച്ചി ഹിമയുടെ കൂട്ടുകാരികളാണ് പെൺകുട്ടികൾ. ഹിമയുടെ വീട്ടിൽ പള്ളിപ്പെരുന്നാൾ കൂടാൻ എത്തിയതായിരുന്നു ഇവർ.
പട്ടിക്കാട് ചുങ്കത്ത് ഷാജൻ -സിജി ദമ്പതികളുടെ മകളാണ് മരിച്ച അലീന. തൃശൂർ സെന്റ്. ക്ലെയേഴ്‌സ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
അതീവ ഗുരുതരാവസ്ഥയിലാണ് അലീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വെന്റിലേറ്ററിലായിരുന്നു. പുലർച്ചെ 12.30 ഓടെയായിരുന്നു മരണം. ചികിത്സയിൽ കഴിയുന്ന പെൺകുട്ടികളിൽ രണ്ട് പേരുടെ നിലയും ഗുരുതരമാണ്.