ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഐപിഎൽ ക്യാമ്പിലേക്ക്; ടൈറ്റൻസിന്റെ യുവതാരത്തിന് പണി കിട്ടിയേക്കും

Published by
Janam Web Desk

രഞ്ജി ട്രോഫി ക്യാമ്പിൽ പങ്കെടുക്കാതെ ഐപിഎൽ പ്രി സീസൺ ക്യാമ്പിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ യുവതാരത്തിന് പണി കിട്ടിയേക്കും. ​ഗുജറാത്ത് ടൈറ്റൻസിന്റെ ഡൽഹി താരമായ അനൂജ് റാവത്താണ് വിവാദത്തിലായത്. അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ സൗരാഷ്‌ട്രയ്‌ക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി, പ്രാരംഭ ക്യാമ്പ് ഡൽഹി ആരംഭിച്ചിരുന്നു. ഇതിൽ പങ്കെടുക്കാതെയാണ് യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഐപിഎൽ ക്യാമ്പിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ റെഡ്ബോൾ മത്സരങ്ങൾക്ക് ബിസിസിഐ പ്രാധാന്യം നൽകുമ്പോഴാണ് യുവതാരത്തിന്റെ നീക്കം. ഇത് താരത്തിന് പ്രശ്നമായേക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം ഡൽഹി താരമായ ഇഷാന്ത് ശർമ ഡിഡിസിഎയെ റെഡ്ബോൾ ക്രിക്കറ്റിലേക്ക് ഇനി തന്നെ പരി​ഗണിക്കേണ്ടതില്ലെന്ന്നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിൽ പ്രതീക്ഷകൾ നഷ്ടമായതോടെ ഐപിഎല്ലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു താരം.അനൂജ് റാവത്തിന്റെ കാര്യത്തിൽ ഡിഡിസിഎ സെക്രട്ടറിയും സീനിയർ സെലക്ഷൻ കമ്മിറ്റി കൺവീനറുമായ അശോക് ശർമ മറുപടി പറഞ്ഞു. ടൈറ്റൻസ് ക്യാമ്പിൽ പങ്കെടുക്കാൻ യുവതാരം അനുമതി തേടിയിട്ടില്ലെന്ന് അ​ദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന അസോസിയേഷനിൽ നിന്ന് അവൻ അനുമതി വാങ്ങേണ്ടതുണ്. രഞ്ജി ട്രോഫി ക്യാമ്പ് ഒഴിവാക്കാൻ ആരാണ് അവന് അനുമതി നൽകിയതെന്ന് അറിയില്ലെന്നും അ​ദ്ദേഹം തുറന്നടിച്ചു. ഇഷാന്തിന്റെ കാര്യം മറ്റൊന്നാണ്. കാരണം അദ്ദേഹം രഞ്ജി ട്രോഫി കളിക്കാത്തതു മുതൽ അദ്ദേഹത്തിന് അസോസിയേഷന്റെ അനുമതി തേടേണ്ട കാര്യമില്ല—-ശർമ പറഞ്ഞു.

Share
Leave a Comment