ന്യൂഡൽഹി: ഫേസ്ബുക്കിന്റെയും ഇൻസ്റ്റയുടെയുമൊക്കെ മാതൃകമ്പനിയായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗിന് പറ്റിയ പിഴവ് തിരുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. കോവിഡിന് ശേഷം ഇന്ത്യയിലുൾപ്പെടെ ഒരു ലോകരാജ്യങ്ങളിലും സർക്കാരുകൾക്ക് ഭരണ തുടർച്ച ലഭിച്ചിട്ടില്ലെന്ന മാർക്ക് സക്കർബർഗിന്റെ അഭിപ്രായമാണ് കേന്ദ്രമന്ത്രി സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ തിരുത്തിയത്.
2024 ലെ പൊതു തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ തുടർ വിജയം ചൂണ്ടിക്കാട്ടിയായിരുന്നു അശ്വിനി വൈഷ്ണവിന്റെ മറുപടി. എക്സിലെ മറുപടിയിൽ മെറ്റ കമ്പനിയെ മെൻഷൻ ചെയ്തിട്ടുമുണ്ട്. സക്കർബെർഗിനെപ്പോലൊരാൾ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിരാശാജനകമാണെന്ന് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. വസ്തുതകളും വിശ്വാസ്യതയും എപ്പോഴും ഉയർത്തിപ്പിടിക്കാനാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
640 മില്യനിലധികം വോട്ടർമാരാണ് ഇന്ത്യയിൽ 2024 ലെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ ജനങ്ങൾ അവരുടെ വിശ്വാസം വീണ്ടും രേഖപ്പെടുത്തുകയായിരുന്നുവെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
800 മില്യൻ ജനങ്ങൾക്ക് സൗജന്യ ഭക്ഷണവും 2.2 ബില്യൻ സൗജന്യ വാക്സിനും വിവിധ ലോകരാജ്യങ്ങൾക്ക് സഹായവും കോവിഡ് കാലത്ത് ഇന്ത്യ നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നല്ല ഭരണത്തിനും പൊതുജനങ്ങളുടെ വിശ്വാസത്തിനുമുള്ള തെളിവാണ് അദ്ദേഹത്തിന്റെ മൂന്നാമൂഴമെന്നും ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അശ്വിനി വൈഷ്ണവ് കുറിച്ചു.