യുക്രെയ്നിൽ കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം വേ​ഗം നാട്ടിലെത്തിക്കുമെന്ന് ഇന്ത്യൻ എംബസി; റഷ്യയിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന് രൺധീർ ജയ്‌സ്വാൾ

Published by
Janam Web Desk

മോസ്കോ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുദ്ധമുഖത്ത് കൊല്ലപ്പെട്ട തൃശൂർ സ്വദേശിയുടെ മരണത്തിൽ അനുശോചിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ. കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് മരിച്ചത്. മോസ്കോയിലെ ഇന്ത്യൻ എംബസി ബിനിലിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുമെന്നും അദ്ദേഹം വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ ഉടൻ തിരികെ അയക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടതായി രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

റഷ്യൻ അതോറിറ്റിയുമായി ബന്ധപ്പെടുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അപകടത്തിൽ‌ മറ്റൊരു മലയാളി പരിക്കേറ്റ് ചികിത്സയിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോ​ഗമിക്കുകയാണ്. റഷ്യയിലെ കൂലിപ്പട്ടാളത്തിൽ ചേർന്ന് ഇന്ത്യക്കാരെ എത്രയും വേഗം തിരികെ അയക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡ്രോൺ ആക്രമണത്തിലാണ് മലയാളി മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളിയായ ജെയിനാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. ബിനിലിന്റെ പിതൃസഹോദരന്റെ മകനാണ് ജെയിൻ.

ഇന്ത്യൻ എംബസി അധികൃതരാണ് ബിനിലിന്റെ ഭാര്യ ജോയ്സിയെ മരണവിവരം അറിയിക്കുന്നത്. 2024 ഏപ്രിലിലാണ് ബിനിലും ജെയിനും റഷ്യയിലെത്തുന്നത്. ഇലക്ട്രീഷ്യൻ ജോലിക്കെന്ന് ധരിപ്പിച്ചാണ് ഇരുവരെയും റഷ്യയിലെത്തിച്ചത്. സാധനസാമ​ഗ്രികൾ യുദ്ധമുഖത്ത് എത്തിക്കുന്ന ജോലിയാണ് ഇരുവർ‌ക്കും ലഭിച്ചത്.

Share
Leave a Comment