മലപ്പുറം: നവവധു ആത്മഹത്യ ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസാണ് മരിച്ചത്. 19 വയസായിരുന്നു. നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഭർത്താവും കുടുംബവും മാനസികമായി സംഘർഷം നൽകിയിരുന്നതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് യുവതിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. നിറത്തിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചതായും പരാതിയുണ്ട്. മൊറയൂർ സ്വദേശി അബ്ദുൾ വാഹിദിനും മാതാപിതാക്കൾക്കുമെതിരെയാണ് ആരോപണം.
2024 മെയ് 27-നായിരുന്നു ഇരുവരുടെയും വിവാഹം. 20 ദിവസത്തിന് ശേഷം അബ്ദുൾ വാഹിദ് വിദേശത്തേക്ക് പോവുകയായിരുന്നു. വിദേശത്ത് എത്തിയ ശേഷമായിരുന്നു ഭർത്താവിന്റെ അവഹേളനം. തുടർന്ന് വിവാഹ മോചനം വേണമെന്ന് ഭർത്താവും കുടുംബവും ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യങ്ങൾ പെൺകുട്ടി കുടുംബത്തെ അറിയിച്ചിരുന്നു. സംഭവത്തിൽ മുംതാസിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ് ലൈൻ നമ്പർ – 1056, 0471- 2552056