ഡെറാഡൂൺ: ഏക സിവിൽ കോഡ് (യുസിസി) നടപ്പിലാക്കാൻ ഒരുങ്ങുന്ന ഉത്തരാഖണ്ഡിൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. ലിവ് ഇൻ റിലേഷനുകൾക്കും വിവാഹത്തിന് സമാനമായ രജിസ്ട്രേഷൻ അടക്കമുള്ള മാറ്റങ്ങളാണ് നിയമം നടപ്പിലാകുന്നതോടെ വരിക. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി പരിശീലനം ആരംഭിച്ചത്.
ലിവ് ഇൻ റിലേഷൻഷിപ്പുകൾക്ക് സാക്ഷികളുടെ വീഡിയോ റെക്കോഡിംഗ് ഉൾപ്പെടെ നിർബന്ധമാകും. ഫോട്ടോകളും ആധാർ വിവരങ്ങളും നൽകണം. ലിവ് ഇൻ റിലേഷനിലുള്ളവർ പങ്കാളിയുടെ പേരും വയസും പൗരത്വവും തെളിയിക്കുന്ന വിവരങ്ങളും നൽകണം. മുൻപ് മറ്റാരെങ്കിലുമായി ലിവ് പങ്കാളിയായിരുന്നോയെന്നും രേഖപ്പെടുത്തേണ്ടി വരും.
ജനുവരി 26 മുതൽ യുസിസി നടപ്പിലാക്കാനാണ് ഉത്തരാഖണ്ഡ് ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി യുസിസി പോർട്ടലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉദ്യോഗസ്ഥരെ പരിചയിപ്പിക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. ബ്ലോക്ക് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് പരിശീലനത്തിന്റെ ആദ്യഘട്ടം. സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.
യുസിസി പോർട്ടലിൽ പൗരൻമാർക്കും സേവനകേന്ദ്രങ്ങളിലെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ലോഗിൻ ചെയ്യാം. ആധാർ വിവരങ്ങൾ ഉപയോഗിച്ചാണ് പൗരൻമാർക്ക് പോർട്ടലിൽ ലോഗിൻ ചെയ്യാനാവുക.
വിവാഹവും വിവാഹ മോചനവും പോലെ ലിവ് ഇൻ റിലേഷനും അത് അവസാനിപ്പിക്കുന്നതും പോർട്ടലിൽ രേഖപ്പെടുത്താം. ആപ്ലിക്കേഷൻ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകാം. വിവാഹത്തെയും ലിവ് ഇൻ റിലേഷൻഷിപ്പിനെയും മൂന്നാം കക്ഷിക്ക് ചോദ്യം ചെയ്യാനും പരാതി നൽകാനും സാധിക്കും. ഇത്തരം പരാതികൾ പരിശോധിക്കേണ്ടത് സബ് രജിസ്ട്രാറുടെ ചുമതലയാണ്. പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുന്നത് വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നും പരിശീലകർ പറയുന്നു.