ഷാർജ; വാടക സൂചിക ഏർപ്പെടുത്താനൊരുങ്ങി ഷാർജ. അബുദാബിക്കും ദുബായിക്കും പിന്നാലെയാണ് ഷാർജയിലും വാടകസൂചിക സംവിധാനം നടപ്പാക്കുന്നത്. വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കാനും കെട്ടിടവാടക അനിയന്ത്രിതമായി ഉയരുന്നത് നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് നീക്കം. ആളുകൾക്ക് ഓരോ പ്രദേശങ്ങളിലെയും വാടക മനസിലാക്കുന്നതിന് മാപ്പ് സഹിതമാണ് സൂചിക പുറത്തിറക്കുക.
ജനുവരി അവസാനത്തോടെ വാടക സൂചിക നടപ്പാക്കാനാണ് ഷാർജ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഷാർജയിലെ പഴയതും പുതിയതുമായ കെട്ടിടങ്ങൾ തരംതിരിക്കും. വാടക സൂചിക നിലവിൽ വരുന്നതോടെ കെട്ടിടവാടക അനിയന്ത്രിതമായി ഉയരുന്നത് നിയന്ത്രിക്കാനും വാടകതർക്കങ്ങൾ കുറക്കാനും സാധിക്കും.
ഈ മാസം ആദ്യം ദുബായിയിലും കഴിഞ്ഞ ഓഗസ്റ്റിൽ അബുദാബിയിലും വാടക സൂചിക സംവിധാനം പുറത്തിറക്കിയിരുന്നു. ഓരോ പ്രദേശത്തിന്റെയും പ്രാധാന്യവും ജനസാന്ദ്രതയുമുൾപ്പെടെ പരിഗണിച്ച് ഓരോ മേഖലയിലെയും വാടക പരിധി നിശ്ചയിക്കുകയാണ് വാടക സൂചിക പുറത്തിറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
താമസക്കെട്ടിടങ്ങൾക്ക് ഒന്നുമുതൽ അഞ്ചുവരെ സ്റ്റാർ റേറ്റിങ്ങുകളാണ് നൽകുക. കെട്ടിടത്തിന്റെ നിലവാരം ഉയരുന്നതിനനുസരിച്ച് വാടക വർധിപ്പിക്കാൻ ഭൂവുടമകൾക്ക് കഴിയും. ഷാർജ റിയൽ എസ്റ്റേറ്റ് വകുപ്പുമായി സഹകരിച്ചായിരിക്കും വാടക സൂചിക പുറത്തിറക്കുകയെന്നും ഈ മാസം 22ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന എക്സിബിഷനിൽ വാടക സൂചിക പുറത്തിറക്കിയേക്കുമെന്നും ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പ് സമിതി ചെയർമാൻ സഈദ് ഗനീം അൽ സുവൈദി വ്യക്തമാക്കി.