പുണ്യസ്നാനത്തിനിടെ ഹൃദയാഘാതം;ത്രിവേണി സംഗമത്തില്‍ സോളാപ്പൂര്‍ മുന്‍ മേയർ മഹേഷ് കോഥെ അന്തരിച്ചു

Published by
Janam Web Desk

പൂനെ: പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ മഹാകുംഭമേളയുടെ ഭാഗമായുള്ള പുണ്യസ്നാനം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് സോളാപ്പൂര്‍ മുന്‍ മേയർ മഹേഷ് കോഥെ (60) അന്തരിച്ചു. എന്‍സിപി (എസ്പി) നേതാവാണ്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

മകരസംക്രാന്തി ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന ‘ഷാഹി സ്നാന’ത്തിൽ (അമൃതസ്നാനം) പങ്കെടുക്കുന്നതിനിടെയാണ് മഹേഷ് കോഥെയ്‌ക്ക് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചു, പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

മഹേഷ് കോഥെയുടെ മൃതദേഹം ഇന്ന് സോളാപ്പൂരിലെത്തിക്കും. മഹേഷ് കോഥെയുടെ മരണത്തിൽ എന്‍സിപി (എസ്പി) ശരദ് പവാർ അനുശോചനം രേഖപ്പെടുത്തി.

അടുത്തിടെ നടന്ന മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സോലാപൂർ (നോർത്ത്) സീറ്റിൽ നിന്ന് ബിജെപിയുടെ വിജയ് ദേശ്മുഖിനോട് കോഥെ പരാജയപ്പെട്ടിരുന്നു.
മകരസംക്രാന്തി പ്രമാണിച്ച് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ 35 ദശലക്ഷത്തിലധികം ഭക്തർ പുണ്യസ്നാനം നടത്തിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു.

Share
Leave a Comment