പൂനെ: ഈ വർഷത്തെ കരസേനാ ദിനാഘോഷത്തിന്റെ ഭാഗമായി പൂനെയിൽ നടന്ന പരേഡിൽ മാർച്ച് ചെയ്ത് അഗ്നിവീർ വനിതാ സംഘം. ഇതാദ്യമായാണ് ഇന്ത്യൻ സൈന്യത്തിന്റെ വനിതാ പ്രതിനിധി സംഘം കരസേനാ ദിനത്തിലെ പരേഡിൽ പങ്കെടുക്കുന്നത്. ഇതിനുമുൻപ് 2024 ലെ റിപ്പബ്ലിക് ദിന പരേഡിൽ കര-വ്യോമ-വായു സേനകളിലെ വനിതകളുടെ പ്രതിനിധി സംഘങ്ങൾ മാർച്ച് നടത്തിയിരുന്നു.
ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുമുള്ള സേനയുടെ ശ്രമങ്ങളുടെ ഭാഗമായാണ് അഗ്നിവീർ വനിതകളുടെ മാർച്ചിംഗ് സംഘം കരസേനാ ദിന പരേഡിൽ പങ്കെടുത്തത്. ക്യാപ്റ്റൻ സന്ധ്യാ റാവു എച്ചാണ് പരേഡിൽ വനിതാ സംഘത്തെ നയിച്ചത്.
2019 ലാണ് കോർപ്സ് ഓഫ് മിലിട്ടറി പൊലീസിൽ വനിതകളെ ഉൾപ്പെടുത്തി കരസേന ചരിത്രം കുറിച്ചത്. ഇതിനുശേഷം വനിതാ സൈനികർ തങ്ങളുടെ ചുമതലകളിൽ മാത്രമല്ല ദേശീയ അന്തർദേശീയ കായിക ഇനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച് കരസേനയ്ക്കും രാജ്യത്തിനും അഭിമാന നേട്ടങ്ങൾ സമ്മാനിച്ചുവെന്നും കരസേനയുടെ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ജമ്മു കശ്മീരിലെ അക്രമ സംഭവങ്ങളിൽ വലിയതോതിലുള്ള കുറവുണ്ടായെന്നും നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾ, അമർനാഥ് യാത്ര എന്നിവ സമാധാനപരമായി പൂർത്തിയാക്കാനായതും സൈന്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്ന് പരേഡിനെ അഭിസംബോധന ചെയ്ത കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.