ന്യൂഡല്‍ഹി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ രണ്ടാംപ്രതി അനുശാന്തിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുന്നതുവരെയാണ് ജാമ്യം.
കണ്ണിന് തകരാറുണ്ടെന്നും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. നേരത്തെ കണ്ണിന്റെ ചികിത്സയ്‌ക്കായി രണ്ടുമാസത്തെ പരോളും സുപ്രീംകോടതി അനുവദിച്ചിരുന്നു. ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട അനുശാന്തി എട്ടുവര്‍ഷമായി ജയിലിലാണ്.
2014-ലായിരുന്നു കേരളത്തെ നടുക്കിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം. അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമന, നാലുവയസ്സുള്ള മകള്‍ സ്വാസ്തിക എന്നിവരാണ് കൊല്ലപ്പെട്ടത്. അനുശാന്തിയും കാമുകനായ നിനോമാത്യുവും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ടെക്നോപാര്‍ക്കിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കുന്നതിന് തടസമായി നിന്നവരെ ഒഴിവാക്കാനായിരുന്നു കൊലപാതകം. ഇതിനായി അനുശാന്തിയുടെ നാലുവയസുള്ള മകളെയും ഭർതൃമാതാവിനെയും ഒന്നാം പ്രതി നിനോ മാത്യു വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിനും ഗുരുതര പരിക്കേറ്റിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് വിലയിരുത്തിയാണ് വിചാരണക്കോടതി ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചത്. നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി പിന്നീട് ഇളവ് ചെയ്തിരുന്നു.
കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ലെന്ന ചാണക്യന്റെ വാക്കുകൾ ഉദ്ധരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.















