ഇസ്ലാമാബാദ്: വീണ്ടും വിവാദങ്ങളുടെ കേന്ദ്രമായി പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്. യൂറോപ്യൻ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച എയർലൈൻസിന്റെ പരസ്യമാണ് ട്രോളുകൾ ഏറ്റുവാങ്ങിയത്. വിമർശനങ്ങൾ കടുത്തതോടെ നാണക്കേടിൽ നിന്നും മുഖം രക്ഷിക്കാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
സുരക്ഷാ കാരണങ്ങളാൽ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയിരുന്ന പാക് എയർലൈൻസിന്റെ നാല് വർഷത്തെ വിലക്ക് നീക്കിയതോടെ, ജനുവരി 10 ന് ഇസ്ലാമാബാദ്-പാരീസ് വിമാന സർവീസ് പുനരാരംഭിക്കുന്നതിനയാണ് പരസ്യം പുറത്തിറക്കിയത്.
പിഐഎയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ വിവാദ പോസ്റ്റിൽ ഈഫൽ ടവറിലേക്ക് കുതിക്കുന്ന വിമാനത്തിന്റെ ചിത്രവും “പാരീസ്, ഞങ്ങൾ ഇന്ന് വരുന്നു” എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു. പലരും ഈ ചിത്രത്തെ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണവുമായി താരതമ്യം ചെയ്തു. പാകിസ്താൻ എയർലൈൻസിന്റെ ഗ്രാഫിക് ടീമിന് ചരിത്രത്തെക്കുറിച്ച് ഒരു ക്രാഷ് കോഴ്സ് ആവശ്യമാണെന്ന് ചിലർ പരിഹസിച്ചു.
വിഷയം പാർലമെന്റിൽ ഉന്നയിച്ച പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ പോസ്റ്റിനെ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചു. ആരാണ് ഇത്തരം പരസ്യങ്ങൾക്ക് അംഗീകാരം നൽകിയതെന്ന് അന്വേഷിക്കാൻ നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം ഇതാദ്യമായല്ല പാക് എയർലൈൻസ് വിവാദങ്ങൾ സൃഷ്ടിക്കുന്നത്. 1979 ലും 2016 ലും സമാനമായ പരസ്യങ്ങൾ പുറത്തിറക്കി എയർലൈൻസ് നാണംകെട്ടിരുന്നു.















