ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ രാഷ്‌ട്ര വിരുദ്ധ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ബിജെപിയുടെയോ ആർഎസ്എസിന്റെയോ പ്രത്യയശാസ്ത്രത്തിനെതിരെ മാത്രമല്ല, ഇന്ത്യൻ ഭരണകൂടത്തിനെതിരെ തന്നെയാണ് കോൺഗ്രസ് പോരാടുന്നതെന്നായിരുന്നു രാഹുൽ ഇന്ദിരാ ഭവനിൽ നടത്തിയ പരാമർശം. പ്രസ്താവനയ്‌ക്ക് പിന്നാലെ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ധനമന്ത്രി നിർമല സീതാരാമൻ, ജെപി നദ്ദ തുടങ്ങിയ ബിജെപി നേതാക്കൾ രാഹുലിനെതിരെ രംഗത്തുവന്നു.
രാഹുൽ ഗാന്ധിയുടെ മാനസിക സ്ഥിരത പരിശോധിക്കണമെന്ന് ബിജെപി നേതാവ് ഹർദീപ് സിംഗ് പുരി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസിന്റെ വൃത്തികെട്ട മുഖം ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി അദ്ധ്യക്ഷനുമായ ജെപി നദ്ദ പറഞ്ഞു. “ഇനിയൊരിക്കലും ഇത് ഒളിപ്പിച്ച് വെക്കേണ്ട കാര്യമില്ല, കോൺഗ്രസിന്റെ വൃത്തികെട്ട മുഖം ഇപ്പോൾ അവരുടെ സ്വന്തം നേതാവ് തന്നെ തുറന്നുകാട്ടി. രാജ്യത്തിന് അറിയാവുന്ന കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് മിസ്റ്റർ രാഹുൽ ഗാന്ധിയെ ഞാൻ അഭിനന്ദിക്കുന്നു,” നദ്ദ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് അർബൻ നക്‌സലുകളുമായും ഇന്ത്യയെ വിഭജിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്ന ഡീപ് സ്റ്റേറ്റുമായും ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷം ഭരണകൂടത്തിനെതിരെ പോരാടുകയാണെങ്കിൽ പിന്നെ എന്തിനാണ് രാഹുൽ ഭരണഘടനയുടെ പകർപ്പ് കൈവശം വച്ചതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ചോദിച്ചു. ഭരണഘടനയിൽ സത്യപ്രതിജ്ഞ ചെയ്ത പ്രതിപക്ഷ നേതാവാണ് താൻ ഭരണകൂടത്തിനെതിരെ പോരാടുകയാണെന്ന് പറയുന്നതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശമടങ്ങുന്ന വീഡിയോ എക്‌സിൽ പങ്കുവച്ച ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയും കോൺഗ്രസ് നേതാവിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. രാഹുൽ ഇന്ത്യയുടെ ഭരണകൂടത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നും ഇതും ജോർജ് സോറോസിന്റെ പ്ലേബുക്കിൽ നിന്നുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.















