തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കൻ്റോൺമെൻ്റ് ഗേറ്റിന് സമീപം കൂറ്റൻ ഫ്ലക്സ് ബോർഡും മുഖ്യമന്ത്രിയുടെ കട്ടൗട്ടും സ്ഥാപിച്ചതിന് ഇടത് സംഘടനയ്‌ക്ക് പിഴയിട്ട് തിരുവനന്തപുരം കോർപ്പറേഷൻ. 5,010 രൂപയാണ് കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയോഷന് പിഴയിട്ടത്.
കോർപ്പറേഷന്റെ അടിസ്ഥാനത്തിൽ സംഘടനാ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിലെ വോളിബോൾ കോർട്ടിലേക്ക് പ്രവേശിക്കുന്ന കവാടം മുതൽ കൻ്റോൺമെൻ്റ് ഗേറ്റ് വരെ നീളമുള്ള ഫ്ലക്സ് ബോർഡാണ് സ്ഥാപിച്ചത്. ബോർഡിന്റെ ഒരു അറ്റത്താണ് മുഖ്യമന്ത്രിയുടെ കട്ടൗട്ട് സ്ഥാപിച്ചത്.
ബോർഡ് നീക്കാൻ കോർപ്പറേഷൻ ആവശ്യപ്പെട്ടെങ്കിലും അസോസിയേഷൻ ഭാരവാഹികൾ തയ്യാറായിരുന്നില്ല. ഒടുവിൽ കോർപ്പറേഷൻ ജീവനക്കാരെത്തി ഫ്ലക്സ് ബോർഡും കട്ടൗട്ടും മാറ്റി. പിഴ നോട്ടീസ് നേരിട്ട് നൽകാൻ കോർപ്പറേഷൻ റവന്യൂ വിഭാഗം ജീവനക്കാർ ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിൽ എത്തിയെങ്കിലും സംഘടനാ ഭാരവാഹികൾ ഓഫീസിൽ ഇല്ലായിരുന്നു. തുടർന്ന് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റേഡ് തപാലിൽ അയച്ചു. ബോർഡ് നീക്കം ചെയ്തതിന് ചെലവായ തുകയും സംഘടനയിൽ നിന്ന് ഈടാക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.















