ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ യുഎഇയിലാണ് നടക്കുന്നത്. ഗ്രൂപ്പ് എയിൽ ന്യൂസിലൻഡ്, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവർക്കൊപ്പമാണ് ഇന്ത്യ. ഏവരും കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം നേരിൽ കാണാനും നല്ല വില നൽകേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വിവരം.
ദുബായിൽ നടക്കുന്ന മത്സരത്തിന് തീപിടിച്ച വിലയെന്നാണ് റിപ്പോർട്ടുകൾ. ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ 25,000 പേരെയാണ് ഉൾക്കൊള്ളാനാവുന്നത്. ടിക്കറ്റുകൾ വില്പന തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ വിറ്റുപോകുന്നതാണ് ഏപ്പോഴും കാണാനാകുന്നത്. ഐസിസിയുടെ ഐദ്യോഗിക വെബ്സൈറ്റുവഴിയോ xchangetickets.com എന്ന പോർട്ടൽ വഴിയോ ടിക്കറ്റ് സ്വന്തമാക്കാനാകും. പോർട്ടലിൽ ടിക്കറ്റ് ഒന്നിന് 56,000 മുതൽ 2,24000 വരെയാണ് നിരക്ക്. ഇതിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. വില്പനയ്‌ക്ക് അനുസരിച്ച് കുറയുകയോ കൂടുകയോ ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനറൽ സ്റ്റാൻഡിലെ ടിക്കറ്റ് ഒന്നിനാണ് 56,170 രൂപ. പ്രീമിയം ടിക്കറ്റിന് 1,18,498 രൂപയുമാണ് ഈടാക്കുന്നത്. ഇതിൽ ബുക്കിംഗ് ചാർജായി 31,357 രൂപയും വാങ്ങുന്നുണ്ട്. രണ്ടുപേർക്കുള്ള പ്ലാറ്റിനം ടിക്കറ്റ് നിരക്ക് 4,16,219 രൂപയാണ്. 55,087 രൂപയാണ് ഹാൻഡ്ലിംഗ് ചാർജ്. ഫെബ്രുവരി 23-നാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്.