പിരിച്ച ഫണ്ടിനെ ചൊല്ലി യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ ഫേസ്ബുക്കിൽ പോര്. ആലപ്പുഴ കളക്ടറേറ്റ് മാർച്ചിനിടെ പൊലീസ് ലാത്തിചാർജിൽ സാരമായി പരിക്കേറ്റ മേഘാ രഞ്ജിത്തിന് പാർട്ടി 8 ലക്ഷം രൂപ നൽകിയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാൽ തനിക്ക് ആ തുക ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് മേഘ കമന്റിട്ടതോടെ പ്രശ്നം പുതിയ തലത്തിലേക്ക് കടന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ മേഘയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം നടന്നിട്ട് ഏകദേശം ഒരു വർഷമായ സമയത്താണ് മേഘയ്‌ക്കും കുടുംബത്തിനും കോൺഗ്രസ് നൽകിയ സഹായങ്ങളെ പ്രകീർത്തിച്ച് അരിത വിശദമായ പോസ്റ്റിട്ടത്. ഇതിന് പിന്നാലെയാണ് മേഘ പ്രതികരണവുമായി എത്തിയത്.
“തുക എനിക്ക് കൈ മാറാതെ ഇടയ്‌ക്കു നിന്ന് ആരാണ് കൈപ്പറ്റിയത് അത് കൂടി പരസ്യമായി പറയണം. ഞാനും കൂടി അറിയണമല്ലോ എന്റെ പേരിൽ ആരാണ് വലിയൊരു തുക കൈപ്പറ്റിയത് എന്ന്” -എന്നായിരുന്നു മേഘയുടെ കമന്റ്.
ഇതിന് താഴെ പണം കൈമാറിയതിന്റെ കണക്കുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. കമന്റ് ബോക്സിൽ ഇപ്പോഴും പോര് തുടരുകയാണ്. ‘അബിൻ വർക്കി, രാഹുൽ മങ്കൂട്ടവും പൈസ അടിച്ചത് നാട്ടുകാർ അറിയട്ടെ”, ‘ആ കൊച്ചിന്റെ പേരിൽ പണം പിരിച്ച് പുട്ടടിച്ച മുഴുവൻ ഊത്തു കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ് എടുക്കണം’, തുടങ്ങി കമന്റുകളുടെ ചാകരയാണ് പോസ്റ്റിന് താഴെ.















