മുംബൈ: നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറി ആക്രമിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. ഫ്ലാറ്റിന്റെ ഫയർ എക്സിറ്റ് ഗോവണിയിലൂടെ പുറത്തിറങ്ങുന്ന പ്രതിയുടെ ദൃശ്യമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. നടന്റെ അപ്പാർട്ട്മെന്റിനകത്തേക്ക് എത്തിപ്പെട്ടതും ഇതേ വഴിയാണെന്നാണ് പ്രാഥമിക നിഗമനം.
മോഷണത്തിനുള്ള ശ്രമമാണ് നടന്നതെന്നും ഇതിനെ പ്രതിരോധിച്ചതോടെയാണ് കള്ളൻ അക്രമാസക്തനായതെന്നും പൊലീസ് കരുതുന്നു. കള്ളന്റെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. സിസിടിവി ദൃശ്യത്തിൽ നിന്ന് ലഭിച്ച ഫോട്ടോ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനായി പത്തംഗ സംഘത്തെ നിയോഗിച്ചതായും ഡെപ്യൂട്ടി കമ്മീഷണർ (ഡിസിപി) ദീക്ഷിത് ഗേദം മാദ്ധ്യമങ്ങളെ അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെ മുംബൈയിലെ ബാന്ദ്രയിലുള്ള നടന്റെ അപ്പാർട്ട്മെന്റിലാണ് കള്ളന്റെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാൻ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ആറ് തവണ കുത്തേറ്റിരുന്നു. ഇതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. നട്ടെല്ലിനും കഴുത്തിനും കൈയ്‌ക്കും കുത്തേറ്റു. ന്യൂറോ, പ്ലാസ്റ്റിക് സർജറികൾ നടത്തി. നിലവിൽ നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ആക്രമണം നടക്കുന്ന സമയത്ത് വീട്ടിൽ ഭാര്യ കരീനയും മക്കളും ഉണ്ടായിരുന്നു. സംഭവത്തിൽ അപവാദ പ്രചരണങ്ങൾ നടത്തരുതെന്ന് അഭ്യർത്ഥിച്ച് കരീന കപൂർ പ്രസ്താവന പങ്കുവെക്കുകയും ചെയ്തു.