ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ ബാറ്റിംഗ് പരിശീലകനെ നിയമിച്ചു. സൗരാഷ്‌ട്ര മുൻ ക്യപ്റ്റനും ബാറ്ററുമായിരുന്ന സിതാൻഷു കൊടാക് ആണ് ഇനി ഇന്ത്യൻ ടീമിനെ ബാറ്റിംഗ് പഠിപ്പിക്കുക. ഇംഗ്ലണ്ടിനെതിരെ 22ന് തുടങ്ങുന്ന ടി20 പരമ്പര മുതൽ താരത്തിന്റെ സേവനം ആരംഭിക്കും. 20 വർഷം നീണ്ട ആഭ്യന്തര കരിയറുള്ള താരമായിരുന്നു സിതാൻഷു. ഇന്ത്യ എ പരമ്പരകളിൽ ടീമിന്റെ മുഖ്യ പരിശീലകനുമായിട്ടുണ്ട്. പോയവർഷങ്ങളിൽ വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീമിന്റെ ഇടക്കാല പരിശീലകനായപ്പോൾ സഹപരിശീലകനായതും സിതാൻഷുവായിരുന്നു.
ഇന്ത്യൻ ടീമിലെ അഞ്ചാം സഹപരിശീലകനായാകും സിതാൻഷു ചുമതലയേൽക്കുക. ബൗളിംഗ് പരിശീലകനായ മോണി മോർക്കൽ, അഭിഷേക് നായർ, റയാൻ ടെൻ ഡോഷെറ്റ്, ടി. ദിലീപ് എന്നിവരാണ് മറ്റ് സഹപരിശീലകർ. ബോർഡർ-ഗവാസ്കർ ട്രോഫി, ന്യൂസിലൻഡ് പരമ്പര എന്നിവയിലെ ദയനീയ പരാജയം വിലയിരുത്താൻ മുംബൈയിൽ ചേർന്ന അവലോകന യോഗത്തിലാണ് ബാറ്റിംഗ് പരിശീലകനെ നിയമിക്കാൻ തീരുമാനമായത്. ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ദയനീയ പ്രകടനമാണ് പരമ്പരകളിൽ ഇന്ത്യയുടെ തോൽവിക്ക് കാരണമായതെന്ന് വിമർശനം കടുത്തിരുന്നു.