ബാന്ദ്ര: നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയ കള്ളൻ ഒരു കോടി രൂപ ആവശ്യപ്പെട്ടെന്ന് പൊലീസ്. താരത്തിന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയുടെ മൊഴിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സെയ്ഫ്-കരീന ദമ്പതികളുടെ ഇളയമകനായ ജെഹാംഗീറിന്റെ (4) മുറിയിലേക്ക് അക്രമി പ്രവേശിച്ചിരുന്നതായും വീട്ടിലെ ജോലിക്കാരി മൊഴി നൽകി. സെയ്ഫ് അലി ഖാൻ കൂടാതെ വീട്ടുജോലിക്കാരായ രണ്ട് പേർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
മുംബൈ ബാന്ദ്രയിലെ 12-നില അപ്പാർട്ട്മെന്റിലാണ് താരകുടുംബം താമസിക്കുന്നത്. സെയ്ഫ് അലി ഖാനും ഭാര്യ കരീന കപൂറും അവരുടെ മക്കളും ഇതേ കെട്ടിടത്തിന്റെ വിവിധ നിലകളിലാണ് താമസം. സെയ്ഫിന്റെ അപ്പാർട്ട്മെന്റിലേക്ക് എമർജൻസി സ്റ്റെയർകെയ്സ് വഴിയാണ് കള്ളൻ കയറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് വീട്ടിനകത്തേക്ക് കയറിയ കള്ളൻ ജോലിക്കാരിയെ ആക്രമിച്ചു. ബാത്ത്റൂമിന് സമീപം നിഴൽ കണ്ട് സംശയം തോന്നിയപ്പോൾ ചെന്നുനോക്കിയ ജോലിക്കാരിയെയാണ് കള്ളൻ ആദ്യം ആക്രമിച്ചത്. ഇതിന്റെ ശബ്ദം കേട്ട് അടുത്ത സ്റ്റാഫ് എത്തിയപ്പോൾ ജോലിക്കാരിയുടെ കഴുത്തിൽ കത്തിവച്ച് പണമാവശ്യപ്പെടുകയായിരുന്നു അക്രമി. ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഉറങ്ങുകയായിരുന്ന സെയ്ഫ് അലി ഖാൻ ഇതിനിടെ ശബ്ദം കേട്ട് എത്തുകയും അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സെയ്ഫിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. അക്രമി രക്ഷപ്പെടുകയും ചെയ്തു.
ഇതേ ഫ്ലാറ്റിന്റെ എട്ടാം നിലയിലാണ് മകൻ ഇബ്രാഹിം അലി ഖാനും മകൾ സാറാ അലി ഖാനും താമസിക്കുന്നത്. ആക്രമണത്തിന് പിന്നാലെ കരീന കപൂർ ഇവരെ വിളിച്ചുവരുത്തി. പരിക്കേറ്റ നടനെ മകൻ ഇബ്രാഹിം ആശുപത്രിയിലെത്തിച്ചു. ലീലാവതി ഹോസ്പിറ്റലിൽ കഴിയുന്ന സെയ്ഫിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.