അബുദാബി: പുനരുപയോഗിക്കാവുന്ന ഊർജം കൈമാറാൻ സമുദ്രാന്തര കേബിൾ പദ്ധതി നടപ്പാക്കാനൊരുങ്ങി യുഎഇയും ഇറ്റലിയും അൽബേനിയയും. അബുദാബിയിൽ നടന്ന വേൾഡ് ഫ്യൂച്ചർ എൻർജി ഉച്ചകോടിയിലാണ് അഡ്രിയാറ്റിക് കടലിനു കുറുകെ പദ്ധതി നടപ്പാക്കാൻ മൂന്ന് രാജ്യങ്ങളും ചേർന്ന് 100 കോടി യൂറോയുടെ കരാർ ഒപ്പിട്ടത് .
പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ഉൽപാദനത്തിനും വിതരണത്തിനുമായി സമുദ്രാന്തര കേബിൾ പദ്ധതി നടപ്പാക്കാനാണ് യുഎഇയും ഇറ്റലിയും അൽബേനിയയും കരാറിൽ എത്തിയിരിക്കുന്നത്. മൂന്ന് വർഷത്തിനകം പദ്ധതി പ്രവർത്തനക്ഷമമാകും. യുഎഇ വ്യവസായ മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ, ഇറ്റാലിയൻ പരിസ്ഥിതി ഊർജ സുരക്ഷാ മന്ത്രി ഗിൽബർടോ പിക്കെറ്റോ ഫ്രാറ്റിൻ, അൽബേനിയൻ ഉപപ്രധാനമന്ത്രി ബെലിൻഡ ബല്ലുക്കു എന്നിവർ ചേർന്നാണ് കരാർ ഒപ്പിട്ടത്. അൽബേനിയൻ തുറമുഖമായ വ്ലോറിനെ തെക്കൻ ഇറ്റാലിയൻ പ്രദേശമായ പൂലിയയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. അൽബേനിയയിൽ നിന്ന് ഊർജം ഉൽപാദിപ്പിച്ച് സമുദ്രാന്തര കേബിളുകൾ വഴി ഇറ്റലിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
പുനരുപയോഗിക്കാവുന്ന ഊർജത്തിലുള്ള യുഎഇയുടെ വൈദഗ്ധ്യം, അൽബേനിയയുടെ സമൃദ്ധമായ പ്രകൃതിവിഭവങ്ങൾ, ഇറ്റലിയുടെ അത്യാധുനിക ഊർജ്ജ വിപണി എന്നിവ പ്രയോജനപ്പെടുത്തി, മെഡിറ്ററേനിയൻ കടലിലുടനീളം പുനരുപയോഗിക്കാവുന്ന ഊർജ ശേഷി വികസിപ്പിക്കാനും പങ്കിടാനുമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നു യുഎഇ വ്യവസായമന്ത്രി ഡോ സുൽത്താൻ അൽ ജാബർ പറഞ്ഞു. ഇറ്റാലിയൻ ഗ്രിഡ് ഓപറേറ്റർ ടെർനയും യുഎഇയുടെ ദേശീയ ഊർജ കമ്പനിയായ ടാഖയും ഇതിന്റെ ഭാഗമാകും .