വിദേശപര്യടനങ്ങളിൽ ഉൾപ്പടെ താരങ്ങൾക്കൊപ്പം കുടുംബാംഗങ്ങളും സ്റ്റാഫുകളും സഞ്ചരിക്കുന്നതിൽ ബിസിസിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്. ടീമിൽ അച്ചടക്കവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ബിസിസിഐ പത്ത് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താരങ്ങളുടെ പേഴ്‌സണൽ സ്റ്റാഫുകളെയടക്കം വിലക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഒരു വിക്കറ്റ് കീപ്പർ ബാറ്റർ തനിക്കുവേണ്ടി പ്രത്യേകം പാചകക്കാരനെ യാത്രകളിൽ കൂടെ കൂട്ടിയിരുന്നുവെന്നും മറ്റൊരു താരത്തിന്റെ കുടുംബത്തോടൊപ്പം സെക്യൂരിറ്റി ഗാർഡും കുട്ടികളെ നോക്കാനുള്ള ആയയും സഹിതം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം ശീലങ്ങൾ ടീമിനെ പ്രതികൂലമായി ബാധിക്കും. ടീമിൽ അച്ചടക്കം കൊണ്ടുവരേണ്ടത് പ്രധാനമാണെന്നും പരിശീലകൻ ഗൗതം ഗംഭീർ താര സംസ്കാരം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തി.
നിയന്ത്രണങ്ങളിൽ ഇളവുകളോ മാറ്റങ്ങളോ ആവശ്യമെങ്കിൽ താരങ്ങൾ മുൻകൂട്ടി സെലക്ഷൻ കമ്മിറ്റി ചെയർമാനെയോ മുഖ്യപരിശീലകനെയോ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. അല്ലാത്തപക്ഷം ബിസിസിഐ ഇവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കും. ഐപിഎൽ ഉൾപ്പടെ ബിസിസിഐ നടത്തുന്ന ടൂർണമെന്റുകളിൽ നിന്നെല്ലാം വിലക്കുക, മാച്ച് ഫീ വെട്ടികുറയ്‌ക്കുക, കരാർ റദ്ദാക്കുക തുടങ്ങിയ കടുത്ത നടപടികളാണ് താരങ്ങൾക്കെതിരെയുണ്ടാവുക.















