സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കെതിരെ ഉണ്ടാകുന്ന സൈബറാക്രമണങ്ങളിൽ വിമർശനവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തനിക്കുണ്ടായ അനുഭവം പങ്കുവച്ച് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അഭിലാഷ് പിള്ള പ്രതികരിച്ചത്. സോഷ്യൽമീഡിയയിലൂടെ തന്നെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അഭിലാഷ് പിള്ള അറിയിച്ചു.
സത്യം എന്താണെന്ന് പോലും മനസിലാക്കാതെ ചിലർ കമന്റ് ബോക്സിൽ ഒത്തുകൂടുമ്പോൾ പ്രതികരിക്കാൻ തോന്നാറുണ്ടെന്നും എന്നാൽ ശബദ്മുയർത്തുന്നവരെ വേട്ടയാടുന്ന സോഷ്യൽമീഡിയയെ ഭയന്ന് മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്നും അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമയിൽ ജോലി ചെയ്യുന്ന 90 ശതമാനം ആളുകളും സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തിഹത്യകൾ നേരിടുന്നവരാണെന്നും കുറിപ്പിൽ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“സിനിമയിൽ ജോലി ചെയ്യുന്ന 90% ആളുകളും ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തിഹത്യകൾ. ഒന്ന് വായിച്ച് ചിരിക്കാൻ മാത്രം ട്രോൾ പേജിൽ വരുന്ന പോസ്റ്റുകളുമായി അത് മാറുമ്പോൾ സൈബർ ലോകം അത് ആഘോഷിക്കും. സത്യം എന്താണ് എന്ന് പോലും നോക്കാതെ കമൻ്റ് ഇടാൻ തയാറായി നിൽക്കുന്ന സോഷ്യൽ മീഡിയ തൊഴിലാളികൾ കമന്റ് ബോക്സിൽ ഒത്തു കൂടും. പലപ്പോഴും ഇത് കാണുമ്പോൾ പ്രതികരിക്കണം എന്ന് തോന്നാറുണ്ട് പക്ഷേ ശബ്ദമുയർത്തുന്നവരെ വേട്ടയാടുന്ന സോഷ്യൽ മീഡിയയെ ഭയന്ന് പലപ്പോഴും മൗനം പാലിക്കും.
ഇന്നലെ എന്റെ പേരിൽ ഒരു സഹോദരൻ എഴുതിയിട്ട പോസ്റ്റ് കണ്ടപ്പോൾ ശരിക്കും അതിലും മികച്ച രീതിയിൽ മറുപടി കൊടുക്കാൻ തോന്നി. പക്ഷേ, ഞാൻ അങ്ങനെ ചെയ്താൽ ആയാളും ഞാനും തമ്മിൽ എന്ത് വ്യത്യാസം. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുള്ള പൗരൻ എന്ന നിലയിൽ അയാൾക്ക് എതിരെ ഇന്നലെ തന്നെ ഡിവൈഎസ്പി ഓഫീസിലും, സൈബർ പൊലീസിനും പരാതി നൽകി. ബാക്കി നിയമം പോലെ നടക്കട്ടെ. 2 കുട്ടികൾ അടങ്ങുന്ന ഒരു വലിയ കുടുംബം എന്നെ കാത്തിരിക്കുന്നുണ്ട്”- അഭിലാഷ് പിള്ള കുറിച്ചു.















