ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി. ദേശീയതലസ്ഥാനത്തെ ബിജെപി ഓഫീസിൽ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പാർട്ടിയുടെ സങ്കൽപ് പത്ര പുറത്തിറക്കിയത്. ഡൽഹിയിൽ ആംആദ്മി സർക്കാർ തുടങ്ങിവച്ച എല്ലാ ക്ഷേമപദ്ധതികളും ബിജെപി അധികാരത്തിൽ വന്നാലും മുടക്കമില്ലാതെ തുടരുമെന്ന് ദേശീയ അദ്ധ്യക്ഷൻ ഉറപ്പുനൽകി. വികസിത ഡൽഹിയ്‌ക്കുള്ള അടിത്തറ പാകലാണ് ഈ സങ്കൽപ് പത്രയെന്നും നദ്ദ പറഞ്ഞു.
2014-ൽ 500 വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവച്ചത്. അതിൽ 499ഉം നടപ്പിലാക്കി. 2019ൽ 235 വാഗ്ദാനങ്ങൾ ബിജെപി നൽകി. ഭൂരിഭാഗവും നടപ്പിലാക്കുകയും ശേഷിക്കുന്നത് നടപ്പാക്കൽ പ്രക്രിയയിലുമാണ്. വിവിധ സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ നടത്തിയ വികസനപ്രവർത്തനങ്ങളെല്ലാം സ്ത്രീശാക്തീകരണം കേന്ദ്രീകരിച്ചുള്ളതായിരുന്നു. അന്നും ഇന്നും വനിതകളുടെ ആവശ്യങ്ങൾക്കാണ് ബിജെപി പ്രഥമ പരിഗണന നൽകുന്നത്. സ്വച്ഛ് ഭാരതിന് കീഴിൽ ശൗചാലയങ്ങൾ, ഉജ്ജ്വല യോജന എന്നിവ അതിന് ഉദാഹരണങ്ങളാണ്. മഹാരാഷ്‌ട്രയിലും മദ്ധ്യപ്രദേശിലും പ്രതിമാസം മഹിളാ സമ്മാൻ നടപ്പിലാക്കിയതും ബിജെപിയാണെന്ന് ജെ.പി നദ്ദ ഓർമിപ്പിച്ചു.
BJP പ്രകടനപത്രികയിൽ പറയുന്നത്:
മഹിളാ സമൃദ്ധി യോജന പ്രകാരം ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ
ഡൽഹിയിലെ പാവപ്പെട്ട സ്ത്രീകൾക്ക് സിലിണ്ടർ സബ്സിഡി 500 രൂപ
ഹോളിക്കും ദീപാവലിക്കും ഓരോ സൗജന്യ സിലിണ്ടർ
സ്ത്രീകൾക്ക് 6 പോഷകകിറ്റുകൾ
ഗർഭിണികൾക്ക് 21,000 രൂപ
ആദ്യ മന്ത്രിസഭയിൽ തന്നെ ആയുഷ്മാൻ ഭാരത് നടപ്പിലാക്കൽ.
60നും 70നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പെൻഷൻ തുക 2,500 ആയി ഉയർത്തും. 70 വയസിന് മുകളിലുള്ളവർക്ക് 3,000 രൂപ പെൻഷൻ ഉറപ്പാക്കും.
2015, 2020 തെരഞ്ഞെടുപ്പുകളിൽ 3, 8 എന്നിങ്ങനെയായിരുന്നു ബിജെപിയുടെ സീറ്റുനില. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് സാന്നിധ്യമറിയിക്കാൻ പോലും കഴിഞ്ഞില്ല. 15 വർഷത്തെ തുടർഭരണത്തിന് ശേഷമാണ് കോൺഗ്രസ് ഡൽഹിയിൽ നിന്ന് പുറത്തായത്. കഴിഞ്ഞ പത്ത് വർഷമായി അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ ആംആദ്മിയാണ് ഡൽഹി ഭരിക്കുന്നത്. 70 അംഗ നിയമസഭാ സീറ്റിലേക്ക് ഫെബ്രുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.















