പ്രഥമ ഖോ ഖോ ലോകകപ്പിന്റെ സെമിഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾ. ക്വാര്‍ട്ടര്‍ ഫൈനലിൽ പുരുഷ ടീം ശ്രീലങ്കയെയും വനിതകൾ ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയാണ് സെമിയിൽ കടന്നത്.
തുടർച്ചയായ അഞ്ച് മത്സരങ്ങളിലും ജയിച്ചാണ് പുരുഷ ടീം സെമി ഫൈനലിലെത്തിയിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ പ്രതീക് വൈക്കറിന്റെ നേതൃത്വത്തിലുള്ള ടീം കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തി. ആദ്യ ടേൺ അവസാനിച്ചപ്പോൾ ഇന്ത്യ 58 പോയിന്റുകൾ നേടി.
ടേൺ 2 ൽ ശ്രീലങ്കൻ ടീം ആക്രമണത്തിൽ മികവ് പുലർത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധത്തിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ടേണ്‍ 3 അവസാനിച്ചപ്പോള്‍, പ്രതീക് വൈക്കറിന്റെ നേതൃത്വത്തിലുള്ള ടീം 48 പോയിന്റുകള്‍ കൂടി നേടി. നാലാമത്തെയും അവസാനത്തെയും ടേണില്‍ വിജയമുറപ്പിച്ചു. ഇന്ന് നടക്കുന്ന സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി.
ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെതിരെ 95 പോയിന്റിന്റെ ആധികാരിക ജയത്തോടെയാണ് വനിതാ ടീം സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് വനിതകളും സെമി ഉറപ്പിച്ചത്.















