പ്രയാഗ്രാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ത്രിവേണി സംഗമത്തിലെ പുണ്യജലത്തിൽ അദ്ദേഹം സ്നാനം ചെയ്തു. അക്ഷയ വത്, പതൽപുരി ക്ഷേത്രം, സരസ്വതി കുണ്ഡ്, ഹനുമാൻ ക്ഷേത്രം തുടങ്ങിയിടങ്ങളിൽ ദർശനം നടത്തി അദ്ദേഹം പ്രത്യേക പൂജകൾ നടത്തും.
മഹാകുംഭമേളയുടെ ആറാം ദിനമായ ഇന്നും ത്രിവേണി സംഗമത്തിൽ ഭക്തജന പ്രവാഹമായിരുന്നു. ഏകദേശം 1.50 കോടി പേരാണ് മഹാകുംഭമേളയുടെ ആദ്യ ദിനമായ പൗഷ പൗർണമിയിൽ പുണ്യ സ്‌നാനം നടത്തിയത്. മകരസംക്രാന്തി ദിനത്തിലും ആയിരങ്ങൾ പുണ്യസ്‌നാനത്തിന്റെ സുകൃതം നുകർന്നു മടങ്ങി.
ജനുവരി 29-ന് മൗനി അമാവാസിയും ഫെബ്രുവരി മൂന്നിന് ബസന്ത് പഞ്ചമിയും ഫെബ്രുവരി 12-ന് മാഘ പൂർണിമ ദിനവുമാണ് പുണ്യസ്‌നാനത്തിൽ പ്രാധാന്യമുള്ള ദിവസങ്ങൾ. 26-ന് മഹാശിവരാത്രി ദിനത്തിലാണ് അവസാന സ്‌നാനം നടക്കുക.
ഭൂതകാല പാപങ്ങളിൽ നിന്ന് ആത്മാവിനെയും ശരീരത്തെയും ശുദ്ധീകരിച്ച് മോക്ഷപ്രാപ്തി സാധ്യമാക്കുന്ന അമൃതസ്‌നാനമാണ് കുംഭമേളയിലെ പ്രധാന ചടങ്ങ്. സന്ന്യാസിമാരും വിശ്വാസികളും ഒരേപോലെ ഈ മോക്ഷമാർഗത്തിൽ മുങ്ങിനിവരുന്നു. ഭാരതത്തിന് മാത്രമെന്ന് അവകാശപ്പെടാവുന്ന ഈ സവിശേഷത കാണാനും അനുഭവിച്ചറിയാനും വിദേശികൾ ഉൾപ്പെടെയുള്ളവരാണ് പ്രയാഗ് രാജിലേക്ക് എത്തുന്നത്.