ഇന്ത്യൻ താരം സഞ്ജു സാംസണെ വിജയ് ഹസാരെ ടീമിൽ നിന്ന് കെ.സി.എ മനഃപൂർവം ഒഴിവാക്കിയതെന്ന് പിതാവ് സാംസൺ വിശ്വനാഥൻ. ക്യാമ്പ് തുടങ്ങും മുൻപേ അവന്റെ പേര് അവർ വെട്ടി, അവനെ കളിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. അതാരാണെന്ന് എനിക്കറിയാം. പ്രസിഡന്റ് ജയേഷ് ജോർജോ, സെക്രട്ടറി വിനോദോ ഒന്നുമല്ല. എനിക്കറിയാം, പക്ഷേ ഞാൻ പറയുന്നില്ല. ക്യാമ്പിൽ പങ്കെടുക്കാതിരുന്ന താരങ്ങളെ വിജയ് ഹസാരെ കളിപ്പിച്ചില്ലേ? ഇല്ലെന്ന് കെസിഎ പറയുമോ? ആ താരങ്ങളുടെ പേര് ഞാൻ പറയുന്നില്ലെന്നും സാംസൺ വ്യക്തമാക്കി.
ചില കൃമികളാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നത്. അവരെ കാണുന്നിടത്തൊക്കെ സല്യൂട്ട് തെയ്തില്ലെങ്കിൽ വലിയ പ്രശ്നമാണ്. ഒരു നമസ്തേ പറയുന്നതിൽ പിഴവുണ്ടായാൽ വലിയ കുറ്റമാക്കും. മനുഷ്യരല്ലെ ചെറിയ പിഴവൊക്കെയുണ്ടാകും. മക്കളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവുണ്ടായെങ്കിൽ എന്നെ വിളിക്കാമല്ലോ..
എന്തായാലും അവർ വിളിക്കുന്നിടത്ത് ചെന്ന് ഞാൻ പരിഹാരം കാണാൻ തയാറാണ്. കെസിഎയെ ഞാനും എന്റെ മക്കളും ഒരിടത്തും തള്ളി പറഞ്ഞിട്ടില്ല. വന്ന വഴി മറക്കുന്നവരല്ല. കെ.സി.എ ആണ് മക്കളെ ഇത്രയുമാക്കിയത്. പക്ഷേ മുൻ കെസിഎ പ്രസിഡന്റ ടിസി മാത്യു തന്നോട് മോശമായി പെരുമാറിയെന്നും സാംസൺ പറഞ്ഞു. സഞ്ജുവിന് മുൻപേ ഇന്ത്യൻ ടീമിലെത്തേണ്ടിയിരുന്നത് തന്റെ മൂത്ത മകനായ സലിയായിരുന്നു അവന്റെ അവസരങ്ങൾ ചിലർ നിഷേധിച്ചുവെന്നും സാംസൺ തുറന്നടിച്ചു.