ഇന്ത്യക്കാരനായ യുവാവ് അമേരിക്കയിൽ വെടിയേറ്റു മരിച്ചു. 26 വയസുള്ള ഹൈദരാബാദ് സ്വദേശി രവി തേജയാണ് വാഷിംഗ്ടൺ ഡിസിയൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഹൈദരാബാദിലെ ആർ പുരം ഗ്രീൻ ഹിൽസ് കോളനിയിലായിരുന്നു ഇയാളുടെ കുടുംബമുള്ളത്. 2022ലാണ് ബിരുദാനന്തര ബിരുദ പഠനത്തിനായി ഇയാൾ അമേരിക്കയിലേക്ക് പോയത്. പഠനം പൂർത്തിയാക്കിയ രവി ജോലി അന്വേഷിച്ച് നടക്കുകയായിരുന്നു. ഒരു ഗ്യാസ് സ്റ്റേഷനിൽ വച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടത്.
കൊലയ്‌ക്ക് പിന്നിലെ കാരണം കണ്ടെത്താൻ ശ്രമിക്കുന്ന പൊലീസ് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ കുറച്ചുമാസമായി നിരവധി ഇന്ത്യക്കാർ അമേരിക്കയിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ചിക്കാഗോയിലെ പെട്രോൾ പമ്പിൽ വച്ച് തെലങ്കാന സ്വദേശിയായ സായ് തേജ് വെടിയേറ്റ് മരിച്ചിരുന്നു. ഇയാൾ അവിടെ പാർട് ടൈം ജോലി നോക്കുകയായിരുന്നു.