മഹാകുംഭമേളയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലായ പെൺകുട്ടിയാണ് മാലവിൽപ്പനക്കാരിയായ മൊണോലിസ. പൂച്ചകണ്ണുകളുള്ള അതിസുന്ദരിയായ പെൺകുട്ടിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ഇടംനേടിയിരുന്നു. വ്ലോഗർമാരുടെയും ഓൺലൈൻ ചാനലുകളുടെയും ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് മൊണോലിസ. മാലവിൽപ്പനക്കിടെ ഒരു സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ പകർത്തിയ വീഡിയോയാണ് വൈറലായത്.
ഓൺലൈൻ മാദ്ധ്യമങ്ങളുടെ ശല്യം സഹിക്കവയ്യാതെ മാസ്കും ഓവർകോട്ടും ധരിച്ച് ആളുകളുടെ നടുവിലൂടെ നടന്നുനീങ്ങുന്ന മൊണോലിസയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഒരു വ്ലോഗറുടെ മൊബൈൽ ഫോൺ വാങ്ങി മൊണോലിസ തറയിലിട്ട് പൊട്ടിച്ചു. നടക്കാൻ പോലും അനുവദിക്കാതെ പിന്തുടർന്നതോടെയാണ് പെൺകുട്ടി പ്രകോപിതയായത്. മൊണോലിസയുടെ ഒപ്പമുണ്ടായിരുന്നവരൊക്കെ മാറാൻ പറഞ്ഞെങ്കിലും വ്ലോഗർമാർ മാറിയില്ല. തൊട്ടടുത്തെത്തി വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൊണോലിസ ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
വീഡിയോയ്ക്ക് പിന്നാലെ നിരവധി ആളുകളാണ് പെൺകുട്ടിയെ പിന്തുണച്ച് രംഗത്തെത്തിയത്. പാപ്പരാസികളും വ്ലോഗർമാരും പാവപ്പെട്ടവരെ പോലും ജീവിക്കാൻ അനുവദിക്കില്ലെന്നും സമാധാനം കൊടുക്കാതെ പിന്നാലെ കൂടുകയാണെന്നും ആളുകൾ കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ പങ്കുവച്ചു.
View this post on Instagram
മാദ്ധ്യമങ്ങളെ പേടിച്ച് തിരക്കില്ലാത്ത സ്ഥലത്താണ് മൊണോലിസ മാലവിൽപ്പന നടത്തിയത്. എന്നാൽ അവിടെയുമെത്തി പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്നു വ്ലോഗർമാർ. സോഷ്യൽമീഡിയയുടെ സ്വാധീനം പെൺകുട്ടിയുടെ ജീവിതമാർഗത്തിന് തന്നെ തടസമായിരുന്നു. ഈ സാഹചര്യത്തിൽ മൊണോലിസയുടെ പിതാവ് നാട്ടിലേക്ക് തിരികെ വിളിച്ചതായാണ് വിവരം.















