തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വമ്പൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. 10.23 കോടി രൂപയാണ് സർക്കാരിന് അധിക ബാധ്യകയുണ്ടാക്കിയത്. പൊതുവിപണിയേക്കാൾ 300 ഇരട്ടി പണം നൽകിയാണ് കിറ്റുകൾ വാങ്ങിയത്. സാൻ ഫാർമ എന്ന കമ്പനിയ്‌ക്ക് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നും സിഎജി കണ്ടെത്തി. ഈ കാലഘട്ടത്തിൽ കെ.കെ ശൈലജയായിരുന്നു ആരോഗ്യമന്ത്രി. അഴിമതി ആരോപണം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതാണ് സിഎജി അക്കമിട്ട് നിരത്തുന്നത്.
2020 മാർച്ച് 28 ന് 550 രൂപയ്‌ക്ക് പിപിഇ കിറ്റ് വാങ്ങി. മാർച്ച് 30 ന് 1550 രൂപയ്‌ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തിനിടെ 1000 രൂപ കൂടി. കുറഞ്ഞ വിലയ്‌ക്ക് കിറ്റ് നൽകാമെന്ന് പറഞ്ഞ കമ്പനിയെ ആരോഗ്യവകുപ്പ് തഴഞ്ഞുവെന്നും കണ്ടെത്തി.ആർദ്രം മിഷൻ ഉദ്ദേശലക്ഷ്യം നിറവേറ്റുന്നില്ല എന്നും മെഡിക്കൽ കോളജുകളിൽ അക്കാദമിക് പ്രവർത്തനം ആരംഭിക്കുന്നതിൽ അസാധാരണ കാലതാമസമെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.
കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിനെതിരെ സിഎജി ആഞ്ഞടിച്ചിട്ടുണ്ട്. മരുന്നുകൾ ആവശ്യത്തിന് എത്തിക്കാൻ കഴിഞ്ഞില്ല, മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ ഒരു നടപടിയുമില്ല, ടെണ്ടർമാനദണ്ഡങ്ങളിൽ ഗുരുതര വീഴ്ച ഉണ്ടായി. ആവശ്യത്തിന് മരുന്നില്ലാത്ത പരാതികൾ വ്യാപകമാണ്. ഈടാക്കേണ്ട പിഴ 1.64 കോടി രൂപയാണെന്നും ഇവ മരുന്നു കമ്പനികളിൽ നിന്ന് ഈടാക്കുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.