കുറഞ്ഞ വിലയിൽ മികച്ച ആഹാരം കിട്ടുമെന്ന് പറഞ്ഞാലോ? അതും വിമാനത്താവളത്തിന് അകത്ത്.. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഈ കിടിലൻ സൗകര്യമേർപ്പെടുത്തിയിരിക്കുന്നത്. വെറും പത്ത് രൂപയ്‌ക്ക് ചായ കിട്ടും. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ തുക. ഇന്ത്യയിൽ ആദ്യമായാണ് താങ്ങാനാവുന്ന വിലയിൽ ഭക്ഷണം വിളമ്പുന്ന ഫുഡ് ഔട്ട്‌ലെറ്റ് വിമാനത്താവളത്തിനകത്ത് തുടങ്ങുന്നത്.
കഴിഞ്ഞ മാസമാണ് ഔട്ട്‌ലെറ്റ് തുറന്നത്. വൻ ജനപ്രീതി നേടിയാണ് UDAN യാത്രി കഫേ പ്രവർത്തിക്കുന്നത്. പ്രതിദിനം ശരാശരി 900 പേരാണ് ഇവിടെ എത്തുന്നത്. ഇതുവരെ ഏകദേശം 27,000-ത്തിലധികം യാത്രക്കാരാണ് കഫേയിലെത്തി ഇവിടുത്തെ രുചിവൈഭവം അറിഞ്ഞത്.
സ്വകാര്യ കമ്പനിയാണ് UDAN യാത്രി കഫേ നടത്തുന്നത്. ഇവിടെ 10 രൂപയ്‌ക്ക് കുപ്പിവെള്ളം ലഭിക്കും. കാപ്പിക്കും ചായയ്‌ക്കും പത്ത് രൂപ നൽകിയാൽ മതി. 20 രൂപ ഉണ്ടെങ്കിൽ ചായയും സമൂസയും കഴിക്കാം. സമാനരീതിയിൽ താങ്ങാനാവുന്ന വിലയിൽ ഭക്ഷണം ലഭിക്കുന്ന ഔട്ട്‌ലെറ്റുകൾ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നാണ് വിവരം.