കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ത്യൻ ബൗളർമാരുടെ കണിശതയ്‌ക്ക് മുന്നിൽ പിടിച്ച് നിന്നത് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ മാത്രം. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അർഷ്ദീപ് നൽകിയ തുടക്കം സ്പിന്നർമാർ മുതലെടുത്തപ്പോൾ ഇംഗ്ലണ്ട് 20 ഓവറിൽ നേടിയത് 132 റൺസ് മാത്രം. 10 വിക്കറ്റുകളും നഷ്ടമാവുകയും ചെയ്തു. 44 പന്തിൽ 68 റൺസെടുത്ത ബട്ലറാണ് ടോപ് സ്കോറർ. മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്.
ഏഴുപേർ രണ്ടക്കം കാണാതെ പുറത്തായി. മുൻനിരയെ അർഷ്ദീപ് തകർത്തപ്പോൾ മധ്യനിരയെ സ്പിന്നിൻ കെണിയൊരുക്കിയാണ് ഇന്ത്യ വീഴ്‌ത്തിയത്. ടി20 സ്പെഷ്യലിസ്റ്റുകളെ നിലയുറപ്പിക്കാൻ അനുവദിക്കാതെ വരുൺ ചക്രവർത്തിയും അക്സർ പട്ടേലും ചേർന്ന് ചക്രവ്യൂഹം തീർത്തു. വരുൺ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അകസറിന് രണ്ടു വിക്കറ്റ് ലഭിച്ചു. ഹാർദിക്കിനും അർഷ്ദീപിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. 17 റൺസെടുത്ത ഹാരി ബ്രൂക്കാണ് മറ്റൊരു ടോപ് സ്കോറർ. ഒരു സ്റ്റമ്പിംഗും ക്യാച്ചും ഒരു റണ്ണൗട്ടുവുമായി സഞ്ജുവും തിളങ്ങി.