പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ മുഹമ്മദ് ഷമിയെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 യിൽ കളിപ്പിച്ചിരുന്നില്ല. ഇതോടെ താരത്തിന്റെ തിരിച്ചുവരവ് വൈകുമെന്നുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. 34 കാരനായ പേസർ കഴിഞ്ഞ ദിവസത്തെ കളിക്ക് മുൻപും അരമണിക്കൂറോളം നെറ്റ്സിൽ പരിശീലനം നടത്തിയിരുന്നു. എന്നാൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഷാമിയെ ഉൾപ്പെടുത്തതായാണ് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചത്.
ഇതോടെ ഷമി പരിക്കിൽ നിന്നും പൂർണമായും മുക്തനായിട്ടില്ലെന്ന സംശയങ്ങളാണ് ആരാധകർക്കിടയിൽ ഉയരുന്നത്. നെറ്റ്സിലെ പരിശീലനവേളയിൽ ഇടതുകാൽമുട്ടിൽ ചുറ്റിയിരുന്ന സ്ട്രാപ്പാണ് സംശയങ്ങൾക്കാധാരം.
പരിശീലനശേഷം സാവധാനം പടികൾ കയറിയാണ് താരം ഡ്രസ്സിംഗ് റൂമിലേക്ക് പോയത്. നെറ്റ്സിലെ എല്ലാ സെഷനുകളിലും താരം ബൗൾ ചെയ്തിരുന്നു. ഇടത് കാൽമുട്ടിലെ പരിക്ക് ഷമിയെ ഇപ്പോഴും അലട്ടുന്നുണ്ടാവാമെന്ന അഭ്യൂഹങ്ങളുണ്ട്.
എന്നാൽ മത്സരത്തിന് മുൻപ് മാദ്ധ്യമങ്ങളോട് സംസാരിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഷമി മടങ്ങിയെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചു. താരത്തിന്റെ ഫിറ്റ്നസിൽ കാര്യമായ ആശങ്കകളോ പ്രശ്നങ്ങളോ സൂര്യകുമാർ പങ്കുവച്ചില്ല.















