നടി നിമിഷ സജയന്റെ പിതാവ് സജയൻ നായർ അന്തരിച്ചു. മുംബൈയിലെ താനയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു. ബിന്ദു സജയനാണ് ഭാര്യ, നിമിഷ സജയൻ, നീതു സജയൻ എന്നിവരാണ് മക്കൾ. രോഗബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം കടയ്‌ക്കല്‍ സ്വദേശിയായ സജയന്‍ നായര്‍ ജോലിയുടെ ഭാഗമായി മുംബൈയിൽ സ്ഥിര താമസമാക്കിയിരുന്നു.
അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസം. സംസ്‍കാരം അംബർനാഥ് വെസ്റ്റിലെ മുൻസിപ്പൽ പൊതു ശ്മശാനത്തിൽ നടക്കും. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഫഹദ്ഫാസിൽ-സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ അഭിനയ അരങ്ങേറ്റം നടത്തുന്നത്. ഈട, ഒരു കുപ്രസിദ്ധ പയ്യൻ, ചോല, 41, മാംഗല്യം തന്തു നാനേന, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ജിഗിർ തണ്ട ഡബിൾ എക്സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.