മുംബൈ: ചരിത്ര പുസ്തകങ്ങളിൽ തിരുത്തുകൾ ആവശ്യമാണെന്ന് നടൻ അക്ഷയ് കുമാർ. അക്ബറിന്റെയും
ഔറംഗസേബിന്റെയും കഥകൾ പറയുന്ന ചരിത്ര പുസ്തകങ്ങൾ, നമ്മുടെ സ്വന്തം നായകന്മാരെ പരാമർശിക്കാതെ പോകുന്നുവെന്നാണ് വിമർശനം. ഇന്ത്യൻ സൈനികരുടെ വീരകഥകൾ ചരിത്രപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ് കുമാർ നായകനായെത്തുന്ന ‘സ്കൈ ഫോഴ്സ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേളയിലായിരുന്നു താരത്തിന്റെ വാക്കുകൾ.
നമ്മുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്താതെ പോയ അനവധി കാര്യങ്ങളുണ്ട്. അത്തരത്തിൽ ഒഴിവാക്കിയ വ്യക്തിത്വങ്ങളെയാണ് തന്റെ സിനിമകളിലൂടെ സംവദിക്കാൻ ശ്രമിക്കുന്നത്. വാഴ്‌ത്തപ്പെടാതെ പോയ നായകന്മാരാണ് അവർ. നമ്മുടെ ചരിത്ര പുസ്തകങ്ങൾ തിരുത്തപ്പെടുക തന്നെ വേണം. നമ്മൾ അക്ബറിനെക്കുറിച്ചും ഔറംഗസേബിനെക്കുറിച്ചും വായിക്കുന്നു. എന്നാൽ നമ്മുടെ സ്വന്തം ഹീറോകളെക്കുറിച്ച് ഒന്നുംതന്നെ ചരിത്രപുസ്തകങ്ങളിൽ ഇല്ല.
സൈന്യത്തിൽ നിന്നുതന്നെ നിരവധി കഥകളുണ്ട്. പ്രതിസന്ധിഘട്ടത്തിൽ അസാധ്യ ധൈര്യം കാണിച്ചവരുടെ കഥകൾ. പരംവീർ ചക്ര ലഭിച്ചവരുടെ കഥകൾ. ചരിത്ര പുസ്തകങ്ങൾ തിരുത്തണം, സൈനികരുടെ വീരകഥകൾ ഉൾപ്പെടുത്തണം. നമ്മുടെ പുതുതലമുറയെ പരിചയപ്പെടുത്തണം. – അക്ഷയ് കുമാർ പറഞ്ഞു. വിംഗ് കമാൻഡർ ഓംപ്രകാശ് തനേജയുടെ കഥ പറയുന്ന ചിത്രമാണ് ‘സ്കൈ ഫോഴ്സ്’. ജനുവരി 24-നാണ് സിനിമയുടെ റിലീസ്.