മഹാരാഷ്‌ട്ര: മഹാരാഷ്‌ട്രയിലെ നാഗ്പൂരിനടുത്തുള്ള ആയുധനിർമ്മാണശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ അഞ്ചുപേർ മരിച്ചതായും നിരവധിപേർക്ക് ഗുരുതര പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. മഹാരാഷ്‌ട്രയിലെ ഭണ്ഡാര ജില്ലയിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.30 ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ജില്ലാ കളക്ടർ സഞ്ജയ് കോൾട്ടെ പറഞ്ഞു.
ഫാക്ടറിക്കുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഗ്നിശമനസേനയേയും മെഡിക്കൽ സംഘത്തെയും വിന്യസിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലെത്തിക്കാൻ നിരവധി ആംബുലൻസുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്.
സ്‌ഫോടനത്തിൽ ഫാക്ടറിയുടെ മേൽക്കൂര തകർന്നു. 12 പേരാണ് ഇതിനിടയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. ജെസിബിയുടെ സഹായത്തോടെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സ്ഫോടനത്തിന്റേതെന്ന് കരുതുന്ന വീഡിയോയിൽ ഫാക്ടറിക്കുള്ളിൽ നിന്നും കനത്ത പുക ഉയരുന്നത് കാണാം. അഞ്ച് കിലോമീറ്റർ അകലെ വരെ സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.















