ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലമായ കശ്മീരിലെ ചെനാബ് ബ്രിഡ്ജിലൂടെ ആദ്യ ട്രയൽ റൺ നടത്തി വന്ദേഭാരത് ട്രെയിൻ. ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനിൽ നിന്ന് ശ്രീനഗർ സ്റ്റേഷനിലേക്കായിരുന്നു പരീക്ഷണ ഓട്ടം. ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽവേ പാലമായ അൻജി ഖാഡ് പാലത്തിലൂടെയും വന്ദേ ഭാരത് കടന്നുപോയി.
താഴ്വരയിലെ തണുത്ത കാലാസ്ഥയ്‌ക്ക് അനുയോജ്യമായി രൂപകൽപന ചെയ്ത വന്ദേ ഭാരത് ട്രെയിനുകൾക്ക് -30 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വരെ പ്രവർത്തിക്കാനാകും. ചെയർ-കാർ ട്രെയിനിൽ വെള്ളം ഫ്രീസാകുന്നത് തടയുന്ന നൂതന ഹീറ്റിംഗ് സംവിധാനവും ബയോ ടോയ്‌ലെറ്റ് ടാങ്കുകളുമുണ്ട്. വന്ദേ ഭാരത് ട്രെയിനുകളിൽ കവച് സാങ്കേതികവിദ്യയും വികലാംഗർക്ക് ഉപയോഗിക്കാവുന്ന ടോയ്‌ലറ്റുകളും സംയോജിത ബ്രെയിലി അടയാളങ്ങളും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
#WATCH | Jammu and Kashmir: Visuals of Vande Bharat train crossing the world’s highest railway bridge Chenab Rail Bridge
Indian Railways today started the trial run of the first Vande Bharat train from Shri Mata Vaishno Devi Railway Station Katra to Srinagar. The train will also… pic.twitter.com/6IgVfxCgYk
— ANI (@ANI) January 25, 2025
കത്ര-ബാരാമുള്ള സെക്ഷനിൽ ട്രെയിൻ സർവീസ് നടത്തുന്നതിന് റെയിൽവേ സേഫ്റ്റി കമ്മീഷണർ (സിആർഎസ്) അനുമതി നൽകിയതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കത്രയിൽ നിന്ന് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഫ്ലാഗ് ഓഫ് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ 272 കിലോമീറ്റർ റെയിൽവേ പൂർത്തിയാക്കി.
അതേസമയം, ഇന്ത്യയിൽ നിന്ന് സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകൾ വാങ്ങുന്നതിന് നിരവധി രാജ്യങ്ങൾ താൽപ്പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇത് പ്രധാനമന്ത്രിയുടെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ.















