ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരത്തിനും മുഹമ്മദ് ഷമി കളിച്ചേക്കില്ലെന്ന് സൂചന. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ടാണ് മത്സരം. പരമ്പരയിലെ ആദ്യ ടി20 യിൽ 7 വിക്കറ്റിന്റെ തകർപ്പൻ ജയവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. 34 പന്തിൽ 79 റൺസ് നേടിയ ഓപ്പണർ അഭിഷേക് ശർമയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ.
എന്നാൽ ആദ്യ മത്സരത്തിലും ഷമിക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു. താരത്തിന്റെ ഫിറ്റ്നസ് തെളിയിച്ചാൽ മാത്രം പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് തീരുമാനം. ഷമി തിരിച്ചെത്തുകയാണെങ്കിൽ നിതീഷ് കുമാർ റെഡ്ഡിക്കോ രവി ബിഷ്‌ണോയിക്കോ ഇടം നഷ്ടമാകും. സ്പിന്നിനെ അനുകൂലിക്കുന്നതാണ് ചെപ്പോക്കിലെ പിച്ച്. വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയി എന്നീ സ്പിന്നർമാർ പ്ലെയിംഗ് ഇലവനിൽ തുടർന്നേക്കാനാണ് സാധ്യത.
സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പണർമാരായി തുടരും. ക്യാപ്റ്റൻ സൂര്യകുമാറിന്റെ മോശം പ്രകടനത്തിൽ മാത്രമാണ് ഇന്ത്യക്ക് ആശങ്ക. കഴിഞ്ഞ 11 ഇന്നിംഗ്‌സിൽ രണ്ട് അർദ്ധ സെഞ്ച്വറികൾ മാത്രമാണ് സൂര്യയുടെ അക്കൗണ്ടിലുള്ളത്. അതേസമയം ആദ്യമത്സരത്തിൽ സഞ്ജു തകർത്തടിച്ച ഇംഗ്ലണ്ട് പേസർ ഗസ് അറ്റ്കിൻസണെ ടീമിൽ നിന്നും ഒഴിവാക്കി. ബ്രൈഡൻ കാർസാണ് പകരക്കാരൻ.