ബെംഗളൂരു: ഛർദ്ദിക്കാൻ തല പുറത്തേക്കിട്ടു ബസ് യാത്രക്കാരി ടാങ്കർ ലോറിയിടിച്ച് മരിച്ചു. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. ആർടിസി ബസിലെ യാത്രക്കാരിയാണ് മരിച്ചത്. ഇവർ മൈസൂരുവിൽ നിന്ന് ഗുണ്ടൽപ്പേട്ടിലെക്ക് പോവുകയായിരുന്നു.
തിരക്കേറിയ ചാമരാജ് നഗർ റോഡിലാണ് അപകടം. ബസിനുള്ളിൽ ജനാലയ്‌ക്കരിക്കുള്ള സീറ്റിലായിരുന്നു ഇവർ ഇരുന്നത്. ഛർദ്ദിക്കാനായി ജനാലവഴി തല പുറത്തേക്കിട്ടപ്പോഴാണ് സംഭവം. ഇതേസമയം എതിർദിശയിൽ നിന്നും വേഗത്തിൽ വന്ന ടാങ്കർ ലോറി യുവതിയുടെ തലയിൽ ഇടിക്കുകയായിരുന്നു. ഇവർ തൽക്ഷണം മരിച്ചു.
സംഭവത്തിൽ ചാമരാജ്നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ലോറിയുടെ ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്. ഡിവിഷണൽ കൺട്രോളർ, ഡിഎംഇ, ഡിടിഒ, മൈസൂർ അർബൻ ഡിവിഷനിലെ എസ്ഒ എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.















