അബുദബി; അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ വർണാഭമായ പരിപാടികളോടെ ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിന്റെ വാർഷികാഘോഷ പരിപാടിയായ ഇന്ത്യ ഫെസ്റ്റിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്റ് ജയറാം റായ് യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐഎസ്‌സി, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ, ട്രഷറർ ദിനേശ് പൊതുവാൾ തുടങ്ങിയവർ സംസാരിച്ചു. ഭാരതത്തിന്റെ സാംസ്‌കാരികത്തനിമയും ഭക്ഷ്യവിഭവങ്ങളുടെ രുചി വൈവിധ്യങ്ങളും വിളിച്ചോതുന്നതായിരുന്നു ഇന്ത്യ ഫെസ്റ്റിന്റെ ആദ്യ ദിവസം. രഞ്ജിനി ജോസ്, നിരഞ്ച് സുരേഷ്, പ്രദീപ് ബാബു എന്നിവർ ഒരുക്കിയ സംഗീത വിരുന്ന് ഇന്ത്യ ഫെസ്റ്റിന് ഹരം പകർന്നു.
വിവിധ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ,വിദ്യാർഥികളുടെ എക്‌സിബിഷൻ, വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും സ്റ്റാളുകൾ, സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മയുടെയും നേതൃത്വത്തിലുള്ള ഭക്ഷണ ശാലകൾ എന്നിവയെല്ലാം ഇന്ത്യാ ഫെസ്റ്റിന്റെ പ്രത്യേകതകളാണ്.
പത്ത് ദിർഹത്തിന്റെ പ്രവേശന ടിക്കറ്റ് എടുത്ത് എത്തുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മെഗാ വിജയിക്ക് 100 ഗ്രാം സ്വർണമാണ് സമ്മാനം. കൂടാതെ 5 പേർക്കു വീതം 8 ഗ്രാം സ്വർണ നാണയം, ടെലിവിഷൻ, സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച്, എയർ ഫ്രയർ തുടങ്ങി വിലപിടിച്ച മറ്റു സമ്മാനങ്ങളും നൽകുന്നുണ്ട്.