കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പിലാക്കാവ് ഭാഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ ജഡം പ്രിയദർശിനി എസ്റ്റേറ്റിന്റെ ബേസ് ക്യാമ്പിലെത്തിച്ചു.
ഓപ്പറേഷൻ സംഘത്തിന്റെ തെരച്ചിലിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നാണ് നിഗമനം. കഴുത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. മാലിന്യങ്ങൾ നിക്ഷേപിച്ചിട്ടുള്ള സ്ഥലത്താണ് കടുവയെ കണ്ടെത്തിയത്.
പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ ദൃശ്യമായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അവശയായ കടുവയെ കണ്ടെത്തിയത്. മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്നാണ് വനം വകുപ്പിന്റെ നിഗമനം.
ദിവസങ്ങളായുള്ള ഭീതിയാണ് ഇതോടെ ഒഴിയുന്നത്. നരഭോജി കടുവയെ കണ്ടെത്തുന്നതിന്റെ ഭാഗമായി 48 മണിക്കൂർ കർഫ്യു ഉൾപ്പടെ പ്രഖ്യാപിച്ച് വനം വകുപ്പ് തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.