ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നിലവിൽ വന്ന സാഹചര്യത്തിൽ സംസ്ഥാനത്തുണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ബഹുഭാര്യത്വവും ശൈശവ വിവാഹവും മുത്തലാഖും സമ്പൂർണമായി നിരോധിക്കപ്പെട്ടതായും മാതാപിതാക്കളുടെ സ്വത്തുക്കളിൽ പെൺമക്കളുടെ അവകാശത്തിന് നിയമപരമായ പരിരക്ഷ ഇനി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിൽ യുസിസി പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളിലുമുള്ള പെൺമക്കൾക്കും സ്വത്തവകാശം ഇനി ഒരുപോലെയാണ്. ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കിൽ രണ്ടാം വിവാഹം കഴിക്കാൻ ഇനി ഒരു പുരുഷനും അധികാരമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യൂണിഫോം സിവിൽ കോഡ് ഒരു മതത്തിനും ജാതിക്കും വിഭാഗത്തിനും എതിരല്ല, മറിച്ച് സമൂഹത്തിൽ സമത്വം ഉറപ്പുവരുത്താനുള്ളതാണെന്നും ധാമി വ്യക്തമാക്കി.
വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായപരിധി ആൺകുട്ടികൾക്ക് 21ഉം പെൺകുട്ടികൾക്ക് 18ഉം ആണ്. ഇത് എല്ലാ മതങ്ങളിലുള്ളവർക്കും ബാധകമാണിത്. ഭാര്യ/ഭർത്താവ് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ പുനർവിവാഹം കഴിക്കുന്നത് ശിക്ഷാർഹമാണ്. ലിവിൻ ടുഗതർ ബന്ധത്തിൽ ജനിച്ച കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ അവകാശമുണ്ടാകും. കൂടാതെ ലിവിൻ-റിലേഷൻ രജിസ്റ്റർ ചെയ്യണമെന്നതും നിർബന്ധമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇനിമുതൽ എല്ലാവർഷവും ജനുവരി 27ന് ഏകീകൃത സിവിൽ കോഡ് ദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുസിസി പ്രാബല്യത്തിൽ വന്നതിന്റെ ഭാഗമായി യുസിസി പോർട്ടലും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ പട്ടികവർഗ വിഭാഗക്കാർക്ക് ഒഴികെ എല്ലാ ജനങ്ങൾക്കും യുസിസി ബാധകമാണ്. സ്വതന്ത്ര ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന നേട്ടവും ഉത്തരാഖണ്ഡ് ഇതിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.