ഭാര്യയുടെ ഗാർഹിക പീഡനം സഹിക്കാനാകാതെ ഒരു യുവാവ് കൂടി ജീവനൊടുക്കി. കർണാടകയിലെ ഹുബ്ബള്ളിയിലായിരുന്നു സംഭവം. അച്ഛന് എഴുതിയ ആത്മഹത്യ കുറിപ്പിലാണ് നടുക്കുന്ന ക്രൂരതകളെക്കുറിച്ച് ഇയാൾ വെളിപ്പെടുത്തിയത്. പീറ്റർ ഗൊല്ലപള്ളിയാണ് പിതാവിനോട് ക്ഷമ ചോദിച്ച ശേഷം ജീവനൊടുക്കിയത്. മൂന്നുമാസത്തിലേറെയായി താൻ മാനസികമായി ഏറെ സമ്മർദ്ദത്തിലാണെന്നും ഭാര്യക്ക് തന്റെ ശവം കണ്ടാൽ മതിയെന്നുമാണ് പീറ്റർ കുറിപ്പിൽ വിവരിക്കുന്നത്.
“അച്ഛാ എന്നോട് ക്ഷമിക്കണം. എന്റെ ഭാര്യ പിങ്കി എന്നെ കൊല്ലാതെ കൊല്ലുകയാണ്. അവൾക്ക് എന്റെ മരണം കാണണം”. പീറ്റർ ആത്മഹത്യക്കുറിപ്പിൽ എഴുതി. പീറ്ററിന്റെ സഹോദരനും കുടുംബവും ഞായറാഴ്ച രാവിലെ പള്ളിയിൽ പോയിട്ട് മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്.
പിങ്കി എന്ന വിളിപ്പേരുള്ള ഫീബെയ്‌ക്ക് തന്റെ മരണം കാണമെന്നാണ് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നതെന്ന് സഹോദരൻ ജോയൽ പറഞ്ഞു. രണ്ടുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് മൂന്നുമാസമായി വേർപിരിഞ്ഞാണ് ഇവരുടെ താമസം. കേസ് കോടതിയിലാണ്. നഷ്ടപരിഹാരമായി 20ലക്ഷമാണ് പിങ്കിയും കുടുംബവും ആവശ്യപ്പെട്ടത്. ഇതിൽ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു പീറ്ററെന്നും സഹോദരൻ പറഞ്ഞു.