ചെന്നൈ: നയൻതാരയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യ സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. പകർപ്പാവകാശ ലംഘനം ചൂണ്ടിക്കാട്ടി ധനുഷ് നൽകിയ ഹർജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ധനുഷിന്റെ ഹർജിയിൽ ഫെബ്രുവരി അഞ്ചിന് വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.
നയൻതാരയുടെ ജീവിതം പ്രമേയമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ അണിയറദൃശ്യങ്ങൾ ഉപയോഗിച്ചത് പകർപ്പാവകാശ ലംഘനമാണെന്നാണ് പരാതി. നയൻതാരയ്‌ക്കും ഭർത്താവ് വിഘ്നേഷിനുമെതിരെ ധനുഷിന്റെ നിർമാണ കമ്പനിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ ഡോക്യുമെന്ററി പുറത്തിറക്കിയ നെറ്റ്ഫ്ലിക്സ് ഇന്ത്യ ധനുഷിനെതിരെ ഹർജി നൽകുകയായിരുന്നു. ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്നായിരുന്നു നെറ്റ്ഫ്ലിക്സിന്റെ ആവശ്യം. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ആസ്ഥാനം മുംബൈ ആണെന്നതിനാലും കേസ് നൽകിയ ധനുഷിന്റെ കമ്പനിയുടെ ആസ്ഥാനം കാഞ്ചീപുരം ആണെന്നതിനാലും ഹർജി പരിഗണിക്കുന്നത് കാഞ്ചീപുരം കോടതിയിലോ മുംബൈ കോടതിയിലോ ആകണമെന്നായിരുന്നു നെറ്റ്ഫ്ലിക്സ് ചൂണ്ടിക്കാട്ടിയത്.
മാത്രവുമല്ല ധനുഷിന്റെ പരാതി പകർപ്പാവകാശ ലംഘനത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും നെറ്റ്ഫ്ലിക്സ് സൂചിപ്പിച്ചിരുന്നു. നവംബർ 18നാണ് ഡോക്യുമെന്ററി റിലീസായത്. എന്നിട്ടും ഏഴ് ദിവസത്തിന് ശേഷമാണ് ധനുഷ് പരാതിയുമായി എത്തിയതെന്നും നെറ്റ്ഫ്ലിക്സ് ഇന്ത്യ ചൂണ്ടിക്കാട്ടി.
എന്നാൽ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന് വേണ്ടി നയൻതാര കരാറിലൊപ്പിടുന്ന സമയത്ത് ധനുഷിന്റെ നിർമാണ കമ്പനി ഓഫീസ് ചെന്നൈയിലായിരുന്നുവെന്ന് ധനുഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ധനുഷിന്റെ വാദം അംഗീകരിച്ച മദ്രാസ് ഹൈക്കോടതി നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.