വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ശരിയെന്ന് തോന്നുന്നത് നരേന്ദ്ര മോദി ചെയ്തോളുമെന്നാണ് ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് ശേഷം ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അനധികൃത കുടിയേറ്റം തടയുമെന്ന് അധികാരത്തിലേറിയതിന് പിന്നാലെ ട്രംപ് വ്യക്തമാക്കിയിരുന്നു. 18,000 ഇന്ത്യക്കാർ അമേരിക്കയിൽ അനധികൃതമായി കുടിയേറി പാർക്കുന്നതായാണ് അനൗദ്യോഗിക റിപ്പോർട്ട്. കഴിഞ്ഞയാഴ്ച വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിലും അനധികൃത കുടിയേറ്റം സംബന്ധിച്ച് ചർച്ചയായിരുന്നു.
അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ ഇന്ത്യ തയ്യാറാണെന്ന് എസ്. ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഇവരുടെ കണക്കുകളെടുക്കുകയാണ്. ഇന്ത്യയുടെ പ്രതിഭാശാലികളെയും ഇന്ത്യക്കാരുടെ കഴിവിനെയും ലോകം അംഗീകരിക്കപ്പെടണം. എന്നാൽ അനധികൃത കുടിയേറ്റവും നിയമവിരുദ്ധമായുള്ള സഞ്ചാരവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അനധികൃതമായി എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ചുവടുപിടിച്ച് മറ്റ് അനധികൃത പ്രവർത്തനങ്ങളും നടക്കും. അത് അഭികാമ്യമല്ല. ഇന്ത്യൻ പൗരന്മാരാണ് അനധികൃതമായി കുടിയേറിയതെങ്കിൽ തീർച്ചയായും അവർ തിരികെ എത്തിയാൽ സ്വീകരിക്കുമെന്നാണ് കൂടിക്കാഴ്ചയ്‌ക്ക് ശേഷം വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു.















