തിരുവനന്തപുരം:ചെറിയനാട്ടിൽ 2009 നവംബർ 7 ശനിയാഴ്ചയാണ് കേരളത്തിൽ ചർച്ചയായ ഒരു കൊലപാതകം സംഭവിക്കുന്നത്. എട്ടിന് ഞായറാഴ്ചയാണ് കൊലയെക്കുറിച്ച് പുറം ലോകം അറിയുന്നത്. കാരണവേഴ്സ് വില്ലയിലെ ഭാസ്കരണ കാരണവർ കൊല്ലപ്പെട്ടു.മോഷണ ശ്രമത്തിനിടെ എന്നായിരുന്നു ആദ്യ കഥ. പിന്നീട് മരുമകളായ ഷെറിൻ കാരണവരുടെ വിവാഹേതര ബന്ധങ്ങളും ദൂർത്തുമാണ് ഭാസ്കര കാരണവർ എന്ന കോടീശ്വരന്റെ ജീവനെടുത്തതെന്ന് വ്യക്തമായി. ഷെറിന്റെ കാമുകൻ ബാസിത് അലി കൂട്ടാളികളായ നിഥിൻ, ഷാനു റഷീദ് എന്നിവർ ചേർന്നാണ് 66-കാരനെ വകവരുത്തിയത്.
ഭാസ്കര കാരണവരുടെ സ്വത്തിലുള്ള ഷെറിന്റെ അവകാശം റദ്ദാക്കിയതിലുള്ള പകയും കാമുകനൊപ്പം ജീവിക്കാനുള്ള ആഗ്രഹവുമാണ് കൊലയിൽ കലാശിച്ചത്. കാരണവരുടെ ഇളയമകനും ശാരീരിക വെല്ലുവിളികൾ നേരിടുന്ന ബിനു പീറ്ററുടെ ഭാര്യയായിരുന്നു ഷെറിൻ. സാമ്പത്തിക പരാധീനതകൾ അലട്ടിയിരുന്ന ഷെറിന്റെ കുടുംബത്തെ കൈപിടിച്ചുയർത്തിയാണ് കാരണവർ മകന് ഒരു കൂട്ടൊരുക്കിയത്.
2001 മെയ് 21-നായിരുന്നു ബിനുവും ഷെറിനും വിവാഹിതരായത്. ഒരുവർഷത്തിന് പിന്നാലെ ഇരുവരെയും കുടുംബം അമേരിക്കയിലേക്ക് കൊണ്ടുപോയി. എന്നാൽ ഷെറിൻ ജോലി ചെയ്ത സ്ഥാപനത്തിലെ മോഷണവും സാമ്പത്തിക തിരിമറികളും മരുമകളുടെ സ്വഭാവം വെളിച്ചത്താക്കി. ഇതോടെ ഇരുവരെയും നാട്ടിലേക്ക് പറഞ്ഞയച്ചു. ഇതിനിടെ മകന്റെ കുഞ്ഞിന്റെ പിതൃത്വം പോലും കോടതി കയറേണ്ടി വന്നു.
നാട്ടിലെത്തിയ ഷെറിൻ എല്ലാ സ്വാതന്ത്ര്യവും ആഘോഷിച്ചു. പണം വേണ്ടവിധത്തിൽ ദൂർത്തടിച്ചു. കാരണവർ ഓരോ മാസവും അയച്ചു നൽകുന്ന 5000 രൂപ പോലും അവർക്ക് തികയാതെയായി. 2007-ൽ ഭാര്യ അന്നമ്മയുടെ വിയോഗത്തോടെ ഭാസ്കര കാരണവരും നാട്ടിലേക്ക് മടങ്ങി. ഇതോടെ ഷെറിന്റെ വഴിവിട്ട ജീവിതം കാരണവർ മനസിലാക്കി. ഭാര്യയെ ഏറെ വിശ്വസിച്ചിരുന്ന ബിനു നിസ്സഹായനായിരുന്നുവെന്നും കാരണവർ തിരിച്ചറിഞ്ഞു.
ഓർക്കുട്ട് വഴി ഷെറിൻ പല കാമുകന്മാരുമായും സല്ലപിച്ചു. മകൻ ബിനു മുകൾ നിലയിലും ഷെറിൻ വീടിന്റെ താഴ്നിലയിലുമായിരുന്നു ഉറങ്ങിയിരുന്നത്. ഇത് അനുഗ്രഹമാക്കിയ ഷെറിൻ കാമുകന്മാരെ ഒളിഞ്ഞും തെളിഞ്ഞും കാരണവേഴ്സ് വില്ലയിൽ എത്തിച്ചു. മരുമകൾ വിഷമാണെന്ന് ബോധ്യമായ കാരണവർ ഇക്കാര്യങ്ങൾ സുഹൃത്തിനെ അറിയിച്ചു. എന്നാൽ ഭാസ്കര കാരണവർ മരുമകൾ കൈയേറ്റം ചെയ്തു. ഇതോടെ മരുമകളെ ഒഴിവാക്കി പുതിയ ധനനിശ്ചയാധാരം ഉണ്ടാക്കി. ഇതോടെ സാമ്പത്തിക ബാധ്യതകൾ ഷെറിനെ വേട്ടയാടി.
ഒടുവിലെ കാമുകൻ ബാസിത് അലിയ്‌ക്കൊപ്പം ജീവിക്കാനും പക തീർക്കാനും ഷെറിൻ കൊലപാതകം ആസൂത്രണം ചെയ്തു, കൃത്യമായി നടപ്പാക്കി. പിന്നീട് കൊലയിൽ ഷെറിന് പങ്കില്ലെന്ന് കൂട്ടുപ്രതികൾ പറഞ്ഞെങ്കിലും സാഹചര്യ തെളിവുകളും കാമുകനൊപ്പമുള്ള ഫോൺ സല്ലാപങ്ങളും ഷെറിനെ കുടുക്കി. പ്രതികൾക്ക് വീട്ടിലേക്ക് കടക്കാൻ എല്ലാ ഒത്താശയും ചെയ്ത് നൽകിയത് ഷെറിനായിരുന്നു.എന്നിട്ടും പശ്ചാത്താപമോ കൂസലോ ഷെറിനുണ്ടായിരുന്നില്ല. മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടെങ്കിലും ജയിലിലും വിവാദ നായികയായിരുന്നു ഷെറിൻ. മന്ത്രിസഭയുടെ കനിവോടെയാണ് 14 വർഷത്തിന് ശേഷം അവർ പുറത്തിറങ്ങുന്നത്. ബിനു പീറ്ററിനെയും കുഞ്ഞിനെയും പിന്നീട് ബന്ധുക്കൾ അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു. ഇന്ന് അനാഥമാണ കാരണവേഴ്സ് വില്ല.















